spot_img
Friday, September 4, 2026

കൊണ്ടോട്ടിയിൽ നടുറോഡിൽ പിഞ്ചുകുഞ്ഞിനെ കണ്ടെത്തി. രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ.



മലപ്പുറം: മുലയൂട്ടുന്ന പ്രായത്തിലുള്ള പിഞ്ചുകുഞ്ഞിനെയാണ് കൊണ്ടോട്ടി വലിയപറമ്പ് ചെറുമുറ്റം റോഡിൽ ഇരിക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 8:35 ന് ആയിരുന്നു സംഭവം.പുതിയടത്ത് പറമ്പ് – ഫാറൂഖ് റൂട്ടിലോടുന്ന ‘സഫാ മർവ’ എന്ന സ്വകാര്യ ബസിന് മുന്നിലേക്കാണ് വീടിന്റെ ഗേറ്റ് കടന്ന് കുഞ്ഞ് ഇഴഞ്ഞെത്തിയത്. മഴ പെയ്ത് റോഡ് വഴുക്കിക്കിടക്കുന്ന സാഹചര്യമായിരുന്നിട്ടും, കുഞ്ഞിനെ കണ്ട ഉടൻ തന്നെ ബസ് ഡ്രൈവർ സമയോജിതമായി വണ്ടി നിർത്തി.ബസ് ഡ്രൈവർ രാമചന്ദ്രനും കണ്ടക്ടർ നവാസും ചേർന്നാണ് ആ കുഞ്ഞിനെ മരണമുഖത്ത് നിന്നും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കുഞ്ഞ് റോഡിന് നടുവിൽ ഇരിക്കുന്നത് കണ്ട് ബസിലുണ്ടായിരുന്ന യാത്രക്കാർ ആകെ പരിഭ്രാന്തരായി നെടുവീർപ്പിടുന്നത് ബസിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

കണ്ടക്ടർ നവാസ് ഉടൻ തന്നെ ബസ്സിൽ നിന്നിറങ്ങി കുഞ്ഞിനെ സുരക്ഷിതമായി കോരിയെടുത്ത് വീട്ടുകാർക്ക് കൈമാറി.രക്ഷിതാക്കൾ വീട്ടിലുണ്ടായിരുന്ന സമയത്താണ് ഈ സംഭവം നടന്നത്. രക്ഷിതാവ് പുറത്തിരുന്ന് പത്രം വായിക്കുന്നതിനിടയിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ കുഞ്ഞ് മുറ്റത്തുനിന്നും റോഡിലേക്ക് ഇഴഞ്ഞു വരികയായിരുന്നു. കുഞ്ഞിനെ ജീവനക്കാർ വീട്ടിലെത്തിച്ചപ്പോഴാണ് രക്ഷിതാക്കളും ഈ ഞെട്ടിക്കുന്ന വിവരം അറിയുന്നത്.ബസിനുള്ളിലെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. റോഡിലൂടെ മറ്റ് വാഹനങ്ങൾ പോകുന്നതും കുഞ്ഞ് റോഡിന് നടുവിൽ ഇരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ബസ് ഡ്രൈവറുടെ ശ്രദ്ധയിൽ കുഞ്ഞിനെ പെട്ടില്ലായിരുന്നുവെങ്കിൽ വലിയൊരു ദുരന്തം സംഭവിക്കുമായിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles