spot_img
Tuesday, April 21, 2026

ജനസാഗരം, ഹൈദരലി ശിഹാബ് തങ്ങൾക്ക് ആദരമർപ്പിക്കാൻ ആയിരങ്ങൾ, ടൗൺ ഹാളിൽ പൊതുദർശനം



അന്തരിച്ച മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതിക ശരീരം പൊതുദർശനത്തിനായി മലപ്പുറം ടൌൺ ഹാളിലെത്തിച്ചു.

മുസ്ലീം ലീഗ് പ്രവർത്തകരടക്കം ആയിരക്കണക്കിന് പേരാണ് അന്തിമോപചാരം അർപ്പിക്കാൻ ടൌൺ ഹാളിലെത്തിയിട്ടുള്ളത്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി.അബ്ദുറഹ്മാൻ എന്നിവർ ടൌൺഹാളിലെത്തി അന്തിമോപചാരമർപ്പിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയൻ രാത്രി പത്ത് മണിയോടെ മലപ്പുറത്തെത്തി ആദരമർപ്പിക്കും. കിലോമീറ്ററുകളോളം നീണ്ട ക്യൂവിൽ നിന്ന് ആയിരങ്ങളാണ് തങ്ങൾക്ക് ആദരമർപ്പിക്കുന്നത്. ടൗൺ ഹാളിനുള്ളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിക്കിലും തിരക്കിലും ഒരാൾ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. 

അങ്കമാലിയിലെ ആശുപത്രിയിൽ നിന്നും ആദ്യം പാണക്കാട് വസതിയിലേക്കാണ് ഭൗതിക ശരീരം എത്തിച്ചത്. കുടുംബാഗംങ്ങൾക്ക് മാത്രമാണ് ഇവിടെ ആദരമർപ്പിക്കാൻ സജ്ജീകരണമൊരുക്കിയിരുന്നത്. അതിന് ശേഷമാണ് ടൌൺഹാളിലേക്ക് എത്തിച്ചത്.

അർബുദ ബാധിതനായി എറണാകുളം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിടവാങ്ങൽ അപ്രതീക്ഷിതമായിരുന്നു. ഖബറടക്കം നാളെ രാവിലെ 9 ന് പാണക്കാട് ജുമാ മസ്ജിദിൽ നടക്കും. ഇസ്ലാമിക പണ്ഡിതനും അനേകം മഹല്ലുകളുടെ ഖാസിയുമായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ. സെയ്ദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തിന് ശേഷം, മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റായ അദ്ദേഹം 12 വർഷം ആ സ്ഥാനത്ത് തുടർന്നു. 12 വർഷം കേരളത്തിലെ മുസ്ലിംലീഗിനെ നയിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഏറ്റവും ജനസ്വാധീനമുള്ള നേതാക്കളിലൊരാണ്. പ്രതിസന്ധി കാലങ്ങളെ ചിരിയോടെ നേരിട്ട ഹൈദരാലി തങ്ങൾ പല നിസ്സഹായരായ മനുഷ്യരുടെയും ആശ്രയകേന്ദ്രമായിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles