യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചർച്ചകൾക്കായി 20,000 ഡോളർ (16,71,000 രൂപ) കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു. സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്‌ഷൻ കൗൺസിൽ സമാഹരിച്ച തുകയാണ് നിക്ഷേപിച്ചത്.
പ്രാരംഭ ചർച്ചകൾക്ക് 40,000 ഡോളർ ഇന്ത്യൻ എംബസിവഴി കൈമാറാൻ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞദിവസം അനുമതി നൽകിയിരുന്നു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി അനുമതി തേടി വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിരുന്നു. മോചനത്തിനുവേണ്ടിയുള്ള പ്രാരംഭ ചർച്ച തുടങ്ങണമെങ്കിൽ 40,000 അമേരിക്കൻ ഡോളർ ആദ്യം കൈമാറണമെന്നും അത് എംബസിവഴി ലഭിക്കാൻ അനുമതി നൽകണമെന്നുമായിരുന്നു പ്രേമകുമാരി ആവശ്യപ്പെട്ടത്.
കൊല്ലപ്പെട്ട യമൻ യുവാവ് തലാലിന്റെ കുടുംബവുമായി പ്രാരംഭ ചർച്ച നടത്തുന്നതിനുള്ള ചെലവിനാണ് ഈ തുക ഉപയോഗിക്കുക. ചർച്ച നടത്തിയാൽമാത്രമേ അവർ ദിയാധനം സ്വീകരിച്ച് മാപ്പ് നൽകുമോയെന്നും എത്ര തുക ആവശ്യപ്പെടുമെന്നും അറിയാൻ കഴിയൂ. വിദേശകാര്യമന്ത്രാലയത്തിന്റെ ഡൽഹി എസ്ബിഐ അക്കൗണ്ടിൽനിന്ന് യമനിൽ ഇന്ത്യൻ എംബസിയുടെ അക്കൗണ്ടിലേക്ക് തുടർന്ന് തുക കൈമാറും. പിന്നീട് എംബസി അഭിഭാഷകൻ അബ്ദുള്ള അമറിന്റെ ബാങ്ക് അക്കൗണ്ടിലേക്കും കൈമാറും.
തലാൽ അബ്ദുൾ മഹ്ദിയെന്ന യമൻ പൗരനെ അവിടെ നഴ്സായിരുന്ന പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനി നിമിഷപ്രിയ കൊലപ്പെടുത്തിയെന്നാണ് കേസ്. 2020-ൽ സനയിലെ വിചാരണക്കോടതി നിമിഷയ്ക്ക് വധശിക്ഷ വിധിച്ചു. 2023 നവംബറിൽ യമനിലെ സുപ്രീം ജുഡീഷ്യൽ കൗൺസിലിൽ നൽകിയ അപ്പീലും നിരസിച്ചു.






