കൊച്ചിയിൽ ഒന്നരവയസ്സുള്ള കുഞ്ഞിനെ അമ്മൂമ്മയുടെ കാമുകൻ വെള്ളത്തിൽ കൊലപ്പെടുത്തി. കൊച്ചി കലൂരിലെ ഒരു ഹോട്ടൽ മുറിയിൽ വച്ചാണ് സംഭവം. ഛർദിച്ച് അവശനിലയിലായി എന്ന് പറഞ്ഞ് കുഞ്ഞിനെ ഇന്നലെ കൊച്ചിയിലെ ഒരു ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തും മുൻപേ കുഞ്ഞ് മരണപ്പെട്ടിരുന്നു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസുദ്യോഗസ്ഥർക്ക് കുഞ്ഞിനെ കൊണ്ടു വന്നവരുടെ മൊഴിയിൽ സംശയം തോന്നിയതോടെയാണ് സംഭവത്തിൻ്റെ ചുരുളഴിഞ്ഞത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹോട്ടൽ മുറിയിൽ വച്ച് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നതാണെന്ന് വ്യക്തമായി. സംഭവത്തിൽ പള്ളുരുത്തി സ്വദേശിയായ ജോൺ ബിനോയ് ഡിക്രൂസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിൻ്റെ മുത്തശിയും പ്രതിയും ചേർന്നാണ് ഹോട്ടലിൽ മുറിയെടുത്ത. ബിനോയ് ഡിക്രൂസിൻ്റെ കാമുകിയുടെ മകൻ്റെ പെൺകുഞ്ഞാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ബിനോയ് ഡിക്രൂസ് കൊച്ചി പള്ളുരുത്തി സ്വദേശിയാണ്. ഇയാളുടെ കാമുകിയായ കുട്ടിയുടെ മുത്തശ്ശി കൂടിയായ അങ്കമാലിക്കാരിയായ 46-കാരി.
ശനിയാഴ്ച രാത്രിയാണ് ഈ സ്ത്രീ നാല് വയസ്സുള്ള ആൺകുഞ്ഞിനും ഒന്നര വയസ്സുകാരിയായ പെൺകുഞ്ഞിനുമൊപ്പം യുവാവിനും ഒപ്പം കലൂരിലെ ഹോട്ടലിൽ മുറിയെടുത്തത്. തുടർന്നുള്ള ദിവസങ്ങളിൽ സ്ത്രീ അതിരാവിലെ പുറത്തേക്ക് പോകുകയും രാത്രിയോടെ മടങ്ങി വരികയുമാണ് ചെയ്തിരുന്നതെന്ന് ഇവർ താമസിച്ച ഹോട്ടലിലെ ജീവനക്കാർ പറയുന്നു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഈ ഹോട്ടലിൻ്റെ റിസപ്ഷനിലേക്ക് സ്ത്രീ പെൺകുഞ്ഞുമായി എത്തി. കുട്ടി ഛർദ്ദിച്ച് അവശനിലയിലായെന്നും ഇപ്പോൾ അനക്കമില്ലെന്നും പരിഭ്രാന്തയായി പറഞ്ഞു. ഈ സമയം നാല് വയസ്സുള്ള ആൺകുഞ്ഞും ഈ സ്ത്രീയോടൊപ്പം ഉണ്ടായിരുന്നു.
തുടർന്ന് യുവാവും സ്ത്രീയും കുഞ്ഞുങ്ങളേയും കൊണ്ട് കലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തി. എന്നാൽ ആശുപത്രിയിലെത്തിക്കും മുൻപേ തന്നെ കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞ് ഛർദ്ദിച്ച് അവശനിലയിലായെന്നാണ് സ്ത്രീയും യുവാവും ഡോക്ടർമാരോട് പറഞ്ഞതെങ്കിലും പരിശോധനയിൽ കുട്ടി മുങ്ങിമരിച്ചതാണെന്ന് ഡോക്ടർമാർക്ക് മനസിലായി. ഇതോടെ ആശുപത്രി അധികൃതർ കൊച്ചി നോർത്ത് പൊലീസിൽ വിവരമറിയിച്ചു. ആശുപത്രിയിലെത്തിയ പൊലീസുദ്യോഗസ്ഥർക്ക് യുവാവിൻ്റേയും സ്ത്രീയുടേയും മൊഴികളിലെ വൈരുധ്യം ശ്രദ്ധയിൽപ്പെട്ടതോടെ ഇരുവരേയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊന്നതാണെന്ന് വ്യക്തമായത്. രാവിലെ പതിനൊന്ന് മണിയോടെ പൊലീസ് ഉദ്യോഗസ്ഥർ ഇവർ താമസിച്ച ഹോട്ടലിൽ എത്തുകയും മുറി പരിശോധിക്കുകയും ചെയ്തു. ഫോറൻസിക് ഉദ്യോഗസ്ഥരും മുറയിൽ എത്തി പരിശോധന നടത്തി. ഉച്ചയോടെ യുവാവിനേയും സ്ത്രീയേയു ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
കൊല്ലപ്പെട്ട കുഞ്ഞിൻ്റെ മാതാവ് വിദേശത്താണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഭർത്താവുമായി അകന്നു കഴിയുന്ന യുവതി കുഞ്ഞുങ്ങളെ മാതാവിന്റെ സംരക്ഷണയിൽ ഏൽപിച്ച് വിദേശത്തേക്ക് പോയതാണ്. താൻ പുറത്തു പോയ സമയത്താണ് യുവാവ് പെൺകുഞ്ഞിനെ മുക്കി കൊന്നത് എന്നാണ് സ്ത്രീയുടെ മൊഴി ഇക്കാര്യം പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. കുട്ടികളുടെ ബന്ധുക്കളുമായെല്ലാം പൊലീസ് ബന്ധപ്പെടുന്നുണ്ട്. വിദേശത്തുള്ള കുഞ്ഞിൻ്റെ മാതാവിനെ മരണവിവരം അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ പിതാവ് ഒരു വാഹനാപകടത്തെതുടർന്ന് ഒരു വർഷമായി ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥയിലാണെന്നാണ് വിവരം. മരണപ്പെട്ട കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. കുട്ടിയുടെ സംസ്കാരം ഇന്ന് തന്നെ കൊച്ചിയിലെ പള്ളിയിൽനടക്കും. ശ്വാസകോശത്തിൽ വെള്ളം കയറിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.






