spot_img
Sunday, July 26, 2026

കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതിയില്‍ തട്ടിപ്പ്; കണ്ടെത്തിയത് മിന്നല്‍ പരിശോധനയില്‍



തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതിയില്‍ പുരുഷ യാത്രക്കാര്‍ക്ക് സീറോ വാല്യൂ ടിക്കറ്റുകള്‍ നല്‍കി തട്ടിപ്പ്. തട്ടിപ്പ് നടത്തിയ മൂന്ന് കണ്ടക്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കി. യാത്രക്കാരില്‍ നിന്ന് പണം വാങ്ങിയ ശേഷമാണ് ടിക്കറ്റുകള്‍ നല്‍കിയത്. പുരുഷന്മാരില്‍ നിന്ന് വാങ്ങിയ ടിക്കറ്റ് തുക ജീവനക്കാര്‍ സ്വന്തം പോക്കറ്റിലാക്കുകയായിരുന്നു. ബസുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ക്രമക്കേട് പിടികൂടിയത്.തട്ടിപ്പ് നടത്തിയ പത്തനാപുരം ഡിപ്പോയിലെ കണ്ടക്ടറെയും പിടികൂടിയിട്ടുണ്ട്. 18 രൂപയുടെ ടിക്കറ്റിന് സീറോ വാല്യൂ പ്രിയദര്‍ശിനി ടിക്കറ്റ് ഒരാള്‍ക്ക് നല്‍കിയെന്നാണ് കണ്ടെത്തിയത്. കണ്ടക്ടറുടെ ബാഗില്‍ 40 രൂപ അധികം ഉണ്ടായിരുന്നതായും പരിശോധനയില്‍ വ്യക്തമായി. ഇതോടെ കൊല്ലം ജില്ലയില്‍ പ്രിയദര്‍ശിനി ബസുകളില്‍ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍മാരുടെ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പ്രിയദര്‍ശിനി പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നാണെന്നിരിക്കെയാണ് ഇവിടങ്ങളില്‍ തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്.പ്രിയദര്‍ശിനി പദ്ധതി തട്ടിപ്പിലൂടെ സര്‍ക്കാരിനും കെഎസ്ആര്‍ടിസിക്കും ഒരുപോലെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. കൃത്രിമമായി കളക്ഷന്‍ ഉയര്‍ത്തിക്കാട്ടി ബത്തയും തട്ടുന്നതായി ആരോപണമുണ്ട്. 14,000 രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ കാണിച്ചാല്‍ 1 ശതമാനം വീതം ബത്ത ജീവനക്കാര്‍ക്ക് ലഭിക്കും. 20,000 രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ കാണിച്ച് പ്രതിദിനം 200 രൂപയോളം ബത്തയിനത്തിലും കൈപ്പറ്റിയെന്നാണ് ആരോപണം.

സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര അനുവദിക്കുന്ന കെഎസ്ഇബിയുടെ പദ്ധതിയാണ് പ്രിയദര്‍ശിനി. പദ്ധതി പ്രകാരം എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സുകള്‍ക്കും യാത്ര സൗജന്യമായിരിക്കും. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്/ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍‌സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്/ ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ ക്ലാസുകളിലാണ് സൗജന്യ യാത്ര ലഭ്യമാകുക. പ്രതിദിനം ശരാശരി 7.25 ലക്ഷം സ്ത്രീകളാണ് യാത്ര ചെയ്യുന്നതെന്നാണ്. നിലവില്‍ 3125 ഓര്‍ഡിനറി ബസുകളാണ് പദ്ധതിക്കായി സര്‍വീസ് നടത്തുന്നത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles