spot_img
Tuesday, April 21, 2026

സുൽത്താന്‍റെ നിർദേശം: ഒമാൻ വിസനിരക്കുകൾ കുറച്ചു ജൂൺ ഒന്നിന് നടപ്പിൽവരും



മസ്കത്ത്: വിദേശികളുടെ വിസനിരക്കുകൾ കുറക്കാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വരിഖ് നിർദേശം നൽകി. അൽ അഹ്​ലാം കൊട്ടാരത്തിൽ മസ്കത്ത്, തെക്കൻ ബാത്തിന, മുസന്തം എന്നീ ഗവർണറേറ്റിലെ ശൈഖുമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധമായ നിർദേശം സുൽത്താൻ നൽകിയത്. സുൽത്താന്റെ നിർദേശപ്രകാരം മാനവവിഭവശേഷി മന്ത്രാലയം പുതുക്കിയ വിസനിരക്കുകൾ പുറത്തിറക്കി. ഇതനുസരിച്ച് പുതുതായി തൊഴിൽ വിസ എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഏറ്റവും ഉയർന്ന നിരക്ക് 301 റിയാലായിരിക്കും. സ്വദേശിവത്​കരണ തോത് പൂർണമായി നടപ്പാക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും 85 ശതമാനം വരെ വിസ ഫീസ് ഇളവും ഉണ്ട്. ഈ വർഷം ജൂൺ ഒന്നു മുതലാണ് പുതിയ വിസനിരക്ക് നടപ്പിൽവരുക. രണ്ടു വർഷമാണ് വിസ കാലാവധി. പുതിയ നിരക്കനുസരിച്ച് ഏറ്റവും ഉയർന്ന വിഭാഗത്തിൽ ജോലിയെടുക്കുന്നവരുടെ വിസനിരക്ക് 301 റിയാലായിരിക്കും. കഴിഞ്ഞ വർഷം മേയ് ഒന്നുമുതൽ നിലവിൽവന്ന നിരക്കനുസരിച്ച് 2001 റിയാലാണ് ഇതുവരെ വിസ ഫീസായി ഈടാക്കിയിരുന്നത്. സർക്കാർ നിർദേശിച്ച സ്വദേശിവത്​കരണ തോത് പൂർണമായി നടപ്പാക്കിയ സ്ഥാപനങ്ങളിൽനിന്ന് 211 റിയാലാണ് ഈടാക്കുക. ഇടത്തരം വിഭാഗത്തിൽ ജോലി ചെയ്യുന്നവരുടെ വിസ നിരക്ക് 251 ആയി കുറച്ചു. മൂന്നാം വിഭാഗത്തിൽപെട്ടവരുടെ വിസ നിരക്ക് 201 റിയാലായി കുറച്ചു. നേരത്തേ ഈ വിഭാഗത്തിൽനിന്ന് 301 റിയാൽ മുതൽ 361 റിയാൽ വരെയാണ് ഈടാക്കിയത്. സ്വദേശിവത്കരണ തോത് പൂർത്തിയാക്കിയ സ്ഥാപനങ്ങൾ 141 റിയാൽ നൽകിയാൽ മതിയാവും. വീട്ടുജോലി വിസകൾക്കും മറ്റും 101 റിയാലാണ് പുതിയ നിരക്ക്



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles