പുതുതായി ലഭിച്ച 233 പരാതികള്‍ രണ്ടാഴ്ചയ്ക്കകം തീര്‍പ്പാക്കും
കോഴിക്കോട് ജില്ലാതല തദ്ദേശ അദാലത്തില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന നേരത്തേ ലഭിച്ച 690 പരാതികളില്‍ 671 എണ്ണത്തിലും അനുകൂല തീര്‍പ്പുണ്ടാക്കാനായതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അദാലത്തിലെത്തിയ 97.2 ശതമാനം പരാതികളിലും അനുകൂല തീര്‍പ്പുണ്ടാക്കാനായി. 19 പരാതികളാണ് നിരസിച്ചത്. അദാലത്തില്‍ പുതുതായി ലഭിച്ച 233 പരാതികളില്‍ തുടര്‍പരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം തീര്‍പ്പുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ അദാലത്തില്‍ വന്ന ചില പരാതികള്‍ സംസ്ഥാനത്തെ പൊതുവായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വഴി തുറന്നതായും മന്ത്രി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ വലുപ്പമുള്ള മിനി എംസിഎഫ് നിര്‍മ്മിക്കാനുള്ള അനുമതിയാണ് ഇതിലൊന്ന്. തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മ്മിക്കുന്ന മിനി എം സി എഫുകളുടെ സ്പെസിഫിക്കേഷന്‍ ഇനി മുതല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാം. തൊഴിലുറപ്പ് മിഷന് അംഗീകരിച്ച സ്പെസിഫിക്കേഷനില്‍ നിര്‍മ്മിക്കുന്നവ ചെറുതാണെന്നും കൂടുതല്‍ വലുപ്പമുള്ളവ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീകുമാര്‍ നല്കിയ പരാതിയിലാണ് തീരുമാനം. ഇത് സംബന്ധിച്ച് പൊതുനിര്‍ദ്ദേശം സര്‍ക്കാര്‍ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു.
നടന് വിജിലേഷിന്റെ വീടിന് ഒക്യുപ്പേഷന് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതിക്കും അദാലത്തില്‍ പരിഹാരം കണ്ടെത്താനായി. അരിക്കുളം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ വിജിലേഷ് പുതുതായി നിര്‍മ്മിച്ച 188.51 ച. മീറ്ററുള്ള വീടുമായി ബന്ധപ്പെട്ടായിരുന്നു പരാതി. വീടിന്റെ സമീപത്തെ ഇടവഴിയുമായി കെട്ടിടത്തിന് ഒന്നര മീറ്റര്‍ അകലമില്ലെന്ന കാരണത്താല്‍ അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു. എന്നാല്‍ ഒരു വശം അടഞ്ഞതും 75 മീറ്ററില്‍ കുറഞ്ഞ നീളമുള്ളതുമായ തെരുവുകളുടെ അതിരിലുള്ള പ്ലോട്ടുകളില്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങളാണെങ്കില്‍ നിബന്ധനകള്‍ക്കു വിധേയമായി അകലം ഒരു മീറ്ററാക്കി കുറയ്ക്കാനുള്ള തീരുമാനം ചട്ടഭേദഗതിയിലൂടെ കൈക്കൊണ്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതി ഉന്നയിച്ച് അരമണിക്കൂറിനകം വിജിലേഷിന് അദാലത്തില്‍ വച്ചു തന്നെ ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് നല്കാനായതായും മന്ത്രി പറഞ്ഞു.
റോഡില്ലാത്തതിനാല്‍ 18 കാരനായ മകനെ ചികിത്സയ്ക്കും മറ്റുമായി പുറത്തെത്തിക്കുന്നത് പ്രയാസമാണെന്ന പരാതിയുമായി എത്തിയ ചേളന്നൂര്‍ ഉമ്മംകൊത്തിയിലെ ടി ആബിദ നല്കിയ പരാതിയിലും അനുകൂല തീരുമാനം കൈക്കൊള്ളാനായതായി മന്ത്രി പറഞ്ഞു. റോഡിനാവശ്യമായ എട്ടു ലക്ഷം രൂപ പഞ്ചായത്തിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. മന്ത്രി എ കെ ശശീന്ദ്രന്റെ മണ്ഡലത്തില്‍ വരുന്ന സ്ഥലമായതിനാല്‍ അദ്ദേഹത്തെ അദാലത്തില്‍ വച്ച് തന്നെ വിളിച്ച് പ്രശ്നത്തിന് പരിഹാരം കാണുകയായിരുന്നു. എംഎല്‍എ ഫണ്ടില്‍ നിന്ന് എട്ട് ലക്ഷം രൂപ റോഡിന് അനുവദിക്കാമെന്ന് വനം വകുപ്പ് മന്ത്രി നല്കിയ ഉറപ്പിലാണ് പരാതിക്ക് പരിഹാരമായതെന്നും മന്ത്രി പറഞ്ഞു.
കേരളോത്സവം പഞ്ചഗുസ്തി മത്സരത്തിനിടെ കൈമുട്ടിന് പരുക്കേറ്റ കുന്ദമംഗലം സ്വദേശി ദിയ അഷ്റഫിന് ചികിത്സക്ക് ചെലവായ തുകയും അധിക ധനസഹായമായി രണ്ട് ലക്ഷം രൂപയും അദാലത്തില്‍ അനുവദിച്ചതായും മന്ത്രി അറിയിച്ചു.
പഞ്ചായത്തിനായി നിര്‍മ്മിച്ച കുടിവെള്ള പദ്ധതിയുടെ ബില്‍ തുകയായ 77,869 രൂപ ഉദ്യോഗസ്ഥന്റെ അനാസ്ഥ കാരണം കിട്ടിയില്ലെന്ന പരാതിയുമായി അദാലത്തിലെത്തിയ മേപ്പയ്യൂര്‍ അമ്പാട്ടുമ്മല്‍ ചെക്കോട്ടിക്കും അനുകൂല തീരുമാനം ഉണ്ടാക്കി നല്‍കാനായി. തുക പലിശ സഹിതം രണ്ടാഴ്ചയ്ക്കകം തിരികെ നല്‍കാനും അതിന്റെ പലിശ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനില്‍ നിന്ന് ഈടാക്കാനും പഞ്ചായത്തിന് നിര്‍ദ്ദേശം നല്കി. സമാനമായ മറ്റൊരു കേസില്‍ പരാതിക്കാരന് ആദായ നികുതിദായകനാണെന്ന് ഉദ്യോഗസ്ഥന് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഭിന്നശേഷി പെന്ഷന് മുടങ്ങിയതായി ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ വിജയകുമാര്‍ എന്നയാള്‍ നല്കിയ പരാതിയും പരിഹരിക്കാനായി. ഇദ്ദേഹത്തിന് ലഭിക്കാനുള്ള 27 മാസത്തെ പെന്ഷന് കുടിശ്ശിക തനതുഫണ്ടില്‍ നിന്ന് നല്‍കാനും ആ തുക വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനില്‍ നിന്ന് ഈടാക്കാനും പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കിയാണ് പ്രശ്നം പരിഹരിച്ചത്.
അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, എല്‍.എസ്.ജി.ഡി അര്‍ബന്‍ ഡയറക്ടര്‍ സൂരജ് ഷാജി, റൂറല്‍ ഡയറക്ടര്‍ ദിനേശന് ചെറുവാട്ടില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
വെബ്സൈറ്റിൽ കാണിക്കുന്ന പരസ്യങ്ങൾക്ക് എൻ്റെ തിരുവമ്പാടി ചാനലിനോ ഫോർവേഡ് മിഡിയ ചാനലിനോ യാതൊരുവിധ ബന്ധവുമില്ല.
ദൃശ്യമായ പരസ്യങ്ങളെല്ലാം ഗൂഗിളിന്റെ ഭാഗത്തുനിന്ന് വരുന്ന പരസ്യങ്ങളാണ്.. ചീഫ് എഡിറ്റർ
Advertisements displayed on the website are not affiliated with Ente Thiruvambadi Channel or Forward Media Channel.
All visible ads are from Google.
Chief Editor






