spot_img
Tuesday, June 23, 2026

ഇനി പദ്മഭൂഷൺ മമ്മൂട്ടി; രാഷ്ട്രപതിയിൽനിന്ന് ബഹുമതി ഏറ്റുവാങ്ങി, സദസ്സിൽ സാക്ഷിയായി ദുൽഖർ.



ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പദ്മഭൂഷൺ ബഹുമതി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ബഹുമതി സമ്മാനിച്ചു.പദ്മവിഭൂഷൺ ജേതാക്കളായ ജസ്റ്റിസ് കെ.ടി. തോമസും പി. നാരായണനും ബഹുമതി ഏറ്റുവാങ്ങി. മമ്മൂട്ടിക്കൊപ്പം പദ്മഭൂഷണ്‌ അർഹനായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഗായിക അൽക യാഗ്നിക്കിനും രാഷ്ട്രപതി ബഹുമതി സമ്മാനിച്ചു.ചടങ്ങിനായി കഴിഞ്ഞ ദിവസം മമ്മൂട്ടി കുടുംബസമേതം ഡൽഹിയിൽ എത്തിയിരുന്നു. മമ്മൂട്ടി പുരസ്‌കാരം ഏറ്റുവാങ്ങവെ സദസ്സിലിരുന്ന് കൈയടിക്കുന്ന മകൻ ദുൽഖർ സൽമാനെ ദൃശ്യങ്ങളിൽ കാണാമായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലോക്‌സഭ സ്പീക്കർ ഓം ബിർളയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് മമ്മൂട്ടി രാഷ്ട്രപതിക്കരികിലേക്ക് നടന്നത്.മമ്മൂട്ടിയുടെ സന്തത സഹചാരിയും നിർമാതാവുമായ എസ്. ജോർജും സദസ്സിലുണ്ടായിരുന്നു. നിർമാതാവ് ആന്റോ ജോസഫും ചടങ്ങിന് സാക്ഷിയായി. 1998-ൽ രാജ്യം മമ്മൂട്ടിയെ പദ്മശ്രീ നൽകി ആദരിച്ചു. പദ്മഭൂഷന്റെ തിളക്കത്തിലെത്തുന്നത് 28 വർഷത്തിനുശേഷമാണ്. മികച്ച നടനുള്ള ഏഴു പുരസ്കാരമുൾപ്പെടെ 10 സംസ്ഥാന അവാർഡുകളാണ് അദ്ദേഹം നേടിയത്.

മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്നു തവണയും അദ്ദേഹത്തെ തേടിയെത്തി.കഴിഞ്ഞവർഷത്തെ മികച്ച നടനുള്ള സംസ്ഥാനപുരസ്കാരം ഏറ്റുവാങ്ങുന്ന അതേദിവസമാണ് പദ്മഭൂഷൺ പുരസ്കാര വാർത്തയെത്തിയത്. തമിഴ്, ഹിന്ദി, തെലുഗ്‌, കന്നഡ ഭാഷകളിലെല്ലാം വെള്ളിത്തിരയിലെത്തിയ അദ്ദേഹം ഇന്ത്യൻസിനിമയിലെ തിളങ്ങുന്ന നക്ഷത്രമാണ്. പുതുതലമുറ പരീക്ഷണച്ചിത്രങ്ങളിൽ അനിതരസാധാരണ അഭിനയമികവുമായി പ്രേക്ഷകരെ അദ്‌ഭുതപ്പെടുത്തുകയാണ് ഇന്നും മമ്മൂട്ടി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles