spot_img
Thursday, April 16, 2026

വയോധികരെ കുത്തിപ്പരുക്കേൽപിച്ച് സ്വർണം കവർന്നു; യുവാവ് പിടിയിൽ



ഒളവണ്ണ : മാത്തറയിൽ വയോധിക ദമ്പതികളെ കുത്തിപരുക്കേൽപിച്ചു സ്വർണാഭരണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. തിരൂരങ്ങാടി സി.കെ.നഗർ സ്വദേശി ഹസീമുനെ(30)യാണ് സിറ്റി പൊലീസ് കമ്മിഷണർ ടി.നാരയണന്റെ നേതൃത്വത്തിലുള്ള സിറ്റി സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പും ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം.സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27ന് പുലർച്ചെയാണ് സംഭവം. സ്ത്രീ മാത്രമേ വീട്ടിലുള്ളൂ എന്ന് ഉറപ്പു വരുത്തി വീട്ടമ്മയെ പിന്നിൽ നിന്നു മുഖം പൊത്തി ആക്രമിക്കുകയായിരുന്നു. പിന്നീട് കത്തി വീശി കഴുത്തിലെ സ്വർണമാല കവരുകയും കയ്യിലെ വള ഊരി നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. തടയാൻ ശ്രമിച്ച വീട്ടമ്മയുടെ കയ്യിൽ കുത്തിപ്പരുക്കേൽപിച്ച പ്രതി വള ഊരിയെടുക്കുന്നതിനിടയിൽ ഭർത്താവ് എത്തി. പിന്നീട് ഭർത്താവിനെ ആക്രമിച്ച് തള്ളിയിട്ട് രക്ഷപ്പെടുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ മേൽ നോട്ടത്തിൽ സ്പെഷൽ ഗ്രൂപ്പ് രൂപീകരിച്ച് അന്വേഷണം നടത്തി പതിനേഴ് ദിവസത്തിനുള്ളിൽ പ്രതിയെ പിടികൂടുകയായിരുന്നു.

രക്ഷപ്പെടാൻ ആസൂത്രിത നീക്കംവളരെ ആസൂത്രിതമായാണ് പ്രതി കുറ്റകൃത്യം ചെയ്തത്. മുൻപ് 2 തവണ കവർച്ച നടത്താൻ ശ്രമിച്ചെങ്കിലും പല കാരണങ്ങളാൽ പരാജയപ്പെട്ടു. ഗൃഹനാഥൻ വന്നില്ലായിരുന്നെങ്കിൽ വീട്ടമ്മയുടെ ജീവൻ തന്നെ അപകടത്തിലാകുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തിരിച്ചറിയാതിരിക്കാൻ ഹെൽമറ്റും റെയിൻ കോട്ടും ധരിച്ചാണ് കുറ്റകൃത്യം ചെയ്തത്. 3 ഓട്ടോകൾ മാറി മാറി കയറിയാണ് പ്രതി എത്തിയത്. അതിനിടയിൽ പൊലീസിനെ വഴിതിരിച്ചു വിടാൻ റെയിൽവേ ട്രാക്കിലൂടെയും ബീച്ചിലൂടെയും നടന്ന ശേഷം താമസസ്ഥലത്തേക്ക് പോകുകയായിരുന്നു. 15 ദിവസത്തിനുള്ളിൽ ഇരുന്നൂറോളം സിസിടിവി ദൃശ്യങ്ങളാണ് സംഘം പരിശോധിച്ചത്. സമാനമായ കേസിലുൾപ്പെട്ട മുൻ കുറ്റവാളികളെയും നിരീക്ഷിച്ചു. നടക്കാവ് ഭാഗത്തുള്ള ആഡംബര ഫ്ലാറ്റിൽ കഴിയുന്ന രഹസ്യ വിവരം ലഭിച്ചതോടെയാണ് ഇൻസ്പക്ടർ ജി.ബിജുകുമാർ പിടികൂടിയത്.ഇയാൾക്കെതിരെ കഴിഞ്ഞവർഷം ഫറോക്ക് സ്റ്റേഷനിൽ എംഡിഎംഎ കേസുണ്ട്. കൂടാതെ വ്യാജ സ്വർണം പണയം വച്ചതിന് തിരൂരങ്ങാടി, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. മാസം 21,000 രൂപ വാടകയിലാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ഹെൽമറ്റും കത്തിയും റെയിൻ കോട്ടും സൗത്ത് ബീച്ചിൽ ഉപേക്ഷിച്ചെന്നും അന്നു തന്നെ വേങ്ങര കുന്നുംപുറത്ത് സ്വർണം വിറ്റ ശേഷം ബെംഗളൂരുവിലേക്ക് കടക്കുകയായിരുന്നെന്നും ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പ് സബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമ്മണ്ണ, സുമേഷ് ആറോളി, രാകേഷ് ചൈതന്യം എന്നിവരെ കൂടാതെ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഷാജി, പ്രമോദ് എം.സുബീഷ്, സൈബർ സെല്ലിലെ സ്കൈലേഷ്, ഫറോക്ക് സബ് ഇൻസ്പെക്ടർ എ.അനൂപ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles