spot_img
Saturday, April 18, 2026

മിക്സ്‌ചറിൽ അനുവദനീയമല്ലാത്ത കൃത്രിമ നിറംചേർക്കൽ വ്യാപകം; കടകൾക്കെതിരെ നടപടി



കോഴിക്കോട് : ഭക്ഷ്യവസ്‌തുവായ മിക്സ്‌ചറിൽ അനുവദനീയമല്ലാത്ത കൃത്രിമ നിറംചേർക്കൽ വ്യാപകം. കോഴിക്കോട് ജില്ലയിലെ വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി എന്നീ സർക്കിളുകളിൽനിന്ന്‌ ശേഖരിച്ച മിക്സ്ചറുകളിൽ കണ്ടെത്തിയത്‌ ആരോഗ്യത്തിന്‌ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന ടാട്രസിൻ. തുടർന്ന്‌, ബന്ധപ്പെട്ട കടകളിലെ ഉൽപ്പാദനവും വിൽപ്പനയും ഭക്ഷ്യസുരക്ഷാ വിഭാഗം നിരോധിച്ചു.  

പേരാമ്പ്ര കല്ലുംപുറം വേക്ക് ആൻഡ്‌ ബേക്ക് ബേക്കറിയിലേക്ക്‌ മിക്സ്‌ചർ നൽകിയ ഓമശേരി പുതൂർ റിയാ ബേക്കറിയുടെ മിക്‌സ്‌ചർ  ഉൽപ്പാദനവും നിരോധിച്ചു. മറ്റ്‌ മൂന്ന്‌ ബേക്കറികളും പുറത്തുനിന്നാണ്‌ മിക്‌സ്‌ചർ വാങ്ങിയത്‌. ബില്ലോ മറ്റ്‌ രേഖകളോ ഇല്ലാത്തതിനാൽ ഉൽപ്പാദന യൂണിറ്റ്‌ തിരിച്ചറിഞ്ഞിട്ടില്ല. കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ്‌ അസി. കമീഷണർ സക്കീർ ഹുസൈൻ പറഞ്ഞു. സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കും.  

ടാട്രസിൻ അപകടകരം

കൃത്രിമ നിറത്തിനായി ചേർക്കുന്ന പദാർഥങ്ങളെല്ലാം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. താരതമ്യേന വീര്യംകൂടിയ ടാട്രസിൻ  അലർജി, ആസ്‌മ, ഉത്‌ക്കണ്‌ഠ, തൊലിപ്രശ്‌നങ്ങൾ എന്നിവ‌ക്ക്‌ കാരണമാകും. അതുകൊണ്ട്‌ ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്നതിന് നിയന്ത്രണമുണ്ട്. മിക്സ്‌ചറുകളിൽ മഞ്ഞനിറത്തിനായാണ്‌ ഇത്‌ ഉപയോഗിക്കുന്നത്.

കർശന നടപടിയിലേക്ക്‌

കൃത്രിമ നിറം ഉപയോഗിക്കുന്നതിനെതിരെ ജില്ലയിൽ ‘നിറമല്ല രുചി’ ബോധവൽക്കരണവും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചാരണവും നൽകിയിരുന്നു. എന്നാൽ, ഉൽപ്പാദകർ ഇത്‌ ശ്രദ്ധിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുന്നില്ല. ഈ സാഹചര്യത്തിൽ കർശന നടപടിയിലേക്കാണ്‌ ഭക്ഷ്യസുരക്ഷാ വകുപ്പ്‌ നീങ്ങുന്നത്‌. വിൽക്കുന്നതും ഉൽപ്പാദിപ്പിക്കുന്നതുമായ സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ കേസെടുക്കും. വരുംദിവസങ്ങളിൽ എല്ലാ നിർമാണ യൂണിറ്റുകളും പരിശോധിച്ച്‌ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്‌.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles