കൊയിലാണ്ടി: യുവാവിനെ കാറിൽ കെട്ടിയിട്ടു പണം തട്ടിയെന്ന പരാതി വ്യാജമാണെന്നു തെളിഞ്ഞതിനു പിന്നാലെ കള്ളക്കഥ ചമച്ച പരാതിക്കാരനെയും കൂട്ടാളികളെയും പോലീസ് അറസ്റ്റു ചെയ്തു. പരാതിക്കാരനായ പയ്യോളി സ്വദേശി സുഹാന ഹൗസിൽ സുഹൈൽ (25), ഇയാളുടെ സുഹൃത്തുക്കളായ തിക്കോടി കോടിക്കൽ ഉമ്മർ വളപ്പിൽ താഹ (35), തിക്കോടി കോടിക്കൽ പുളിവളപ്പിൽ ഹൗസിൽ യാസിർ (24) എന്നിവരെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തത്.
ഡിഗ്രി വിദ്യാർഥിയാണ് യാസിർ. വില്യപ്പള്ളി ഒരു ആരാധനാലയത്തിൽ നിന്നും 37 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. ശനിയാഴ്ചയായിരുന്നു വിവാദമായ സംഭവം. കാട്ടില പീടികയിൽ കാറിൽ കെട്ടിയിട്ട നിലയിലാണ് സുഹൈലിനെ കണ്ടെത്തിയത്. എടിഎമ്മിൽ നിറയ്ക്കാൻ കാറിൽ പണവുമായി പോകുന്നതിനിടെ കുരുടി മുക്കിൽ വച്ച് പർദയിട്ടവർ കാറിൽ കയറി തന്നെ കെട്ടിയിട്ടെന്നും പിന്നെ തനിക്ക് ഓർമ്മ നഷ്ടപ്പെട്ടുവെന്നുമായിരുന്നു സുഹൈൽ പറഞ്ഞത്. വൈകീട്ട് നാലുമണിയോടെ കാറിനുള്ളിൽ നിന്ന് കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ സുഹൈലിനെ കാറിൽ കെട്ടിയിട്ട നിലയിലായിരുന്നു. കള്ളക്കഥ പടച്ചുണ്ടാക്കിയതിനു പിന്നിൽ സുഹൈലും സുഹൃത്ത് താഹയുമെന്ന് പോലീസ് പറഞ്ഞു. എടിഎമ്മുകളിൽ പണം നിറയ്ക്കാൻ ചുമതലപ്പെട്ട സുഹൈലിനെ ചോദ്യം ചെയ്തപ്പോഴാണ് വാദി പ്രതിയായത്. തിക്കോടി കോടിക്കൽ സ്വദേശിയായ സുഹൃത്ത് താഹക്കുണ്ടായ സാന്പത്തിക പ്രശ്നം പരിഹരിക്കാൻ ആസൂത്രണം ചെയ്ത
നാടകമായിരുന്നു പണം കവരൽ കള്ളപ്പരാതി. ഇരുവരും ദിവസങ്ങളോളം ആലോചിച്ചാണ് തട്ടിപ്പ് നടത്തിയത്. മുളക് പൊടി വിതറി തന്നെ കെട്ടിയിട്ട് പണവുമായി രണ്ടു പേർ കടന്നുകളഞ്ഞുവെന്നാണ് സുഹൈൽ പോലീസിനോടു പറഞ്ഞത്. എന്നാൽ, സുഹൈലിന്റെ മുഖത്ത് മുളക് പൊടി ഇല്ലാതിരുന്നത് പോലീസിന് സംശയം ജനിപ്പിച്ചു. വൈദ്യ പരിശോധനയിൽ സുഹൈലിന്റെ ബോധം മറഞ്ഞിരുന്നില്ലെന്നും വ്യക്തമായതോടെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സുഹൈൽ സത്യം തുറന്നു പറയുകയായിരുന്നു. 37 ലക്ഷം രൂപ നാദാപുരത്തെ ഒരു കെട്ടിടത്തിൽ നിന്നുമാണ് പോലീസ് സംഘം കണ്ടെത്തിയത്. പരാതിയിൽ പറഞ്ഞ സ്ഥലവും കാറും സിസിടിവി കാമറകളും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പോലീസ് പരിശോധനക്കു വിധേയമാക്കി. വടകര ഡിവൈഎസ്പി ആർ.ഹരിപ്രസാദ്, കൊയിലാണ്ടി സിഐ ശ്രീലാൽ ചന്ദ്രശേഖർ, എസ്ഐ ജിതേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. എസ്ഐ മനോജ് രാമത്ത്, എഎസ്ഐമാരായ വി.പി.ബിനീഷ്, വി.വി. ഷാജി, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.കെ. അഖിലേഷ്, കൊയിലാണ്ടി സ്റ്റേഷനിലെ എഎസ്ഐ ഗിരീഷ്, ബിജു വാണിയംകുളം, സനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.






