spot_img
Thursday, April 23, 2026

അബ്ദുറഹീമിന്റെ മോചനം വൈകും; കേസ് രണ്ട് ആഴ്ചത്തേക്ക് മാറ്റി



യാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനം സംബന്ധിച്ച ഉത്തരവ് ഇന്നുണ്ടായില്ല. കേസ് രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടിവെച്ച് റിയാദ് ക്രിമിനൽ കോടതി ഉത്തരവിട്ടു. ഇതേ ബെഞ്ച് തന്നെയാണ് രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുന്നത്. കേസിൽ ഇന്ന് അന്തിമ ഉത്തരവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. കഴിഞ്ഞ മാസം 21ന് നടന്ന സിറ്റിംഗിലാണ് കേസ് ഇന്ന് പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.

ജൂലൈ രണ്ടിന് അബ്ദുറഹീമിന് വധശിക്ഷയിൽ നിന്ന് മോചനം ലഭിച്ചിരുന്നു. മരിച്ചയാളുടെ കുടുംബം ആവശ്യപ്പെട്ട ദിയാധനം നൽകിയതിനെ തുടർന്നാണ് വധശിക്ഷയിൽനിന്ന്‌ ഒഴിവാക്കിയത്. ദിയാധനമായി ആവശ്യപ്പെട്ട 1.5 കോടി റിയാൽ (34 കോടി രൂപ) ആണ് മലയാളികൾ ഒന്നാകെ ശേഖരിച്ച് നൽകിയത്. തുടർന്നാണ് റഹീമിനായി സമർപ്പിച്ച അപേക്ഷയിൽ  ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയത്. ദിയാധനത്തിന് പുറമെ 7.5 ലക്ഷം റിയാൽ അഭിഭാഷകന്‌ ഫീസിനത്തിലും നൽകി. ഇതോടെ പ്രൈവറ്റ് ഒഫൻസുമായി ബന്ധപ്പെട്ട കേസ് അവസാനിച്ചു. പബ്ലിക് ഒഫൻസുമായി ബന്ധപ്പെട്ട കേസാണ് ഇന്ന് കോടതി പരി​ഗണിക്കാനിരുന്നത്.

മരിച്ച ബാലനും റഹീമും തമ്മില്‍ മുന്‍വൈരാഗ്യമില്ല. കയ്യബദ്ധത്തിലാണ് ബാലന്‍ കൊല്ലപ്പെട്ടത്. മാത്രമല്ല 18 വര്‍ഷമായി റഹീം ജയിലിലാണ്. അതുകൊണ്ടുതന്നെ പബ്ലിക്ക് റൈറ്റ് പ്രകാരം അധിക ശിക്ഷ വിധിക്കാതെ മോചിപ്പിക്കണമെന്നാണ് റഹീമിനുവേണ്ടി അഭിഭാഷകന്‍ കോടതിയില്‍ നല്‍കിയ ഹർജി. 18 വർഷത്തോളം തടവ് ശിക്ഷ അനുഭവിച്ച പശ്ചാത്തലത്തിൽ കേസിൽ പ്രത്യേക ശിക്ഷ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ ഇന്ന് ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു സഹായ സമിതിയും ലോക മലയാളികളും. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, എംബസി ഉദ്യോഗസ്ഥൻ യൂസഫ്കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂർ എന്നിവർ രാവിലെ കോടതിയിലെത്തിയിരുന്നു.

കോടമ്പുഴ കെഎംഒ യത്തീംഖാന സ്കൂൾ വാഹനത്തിലെ ഡ്രൈവറായിരുന്ന അബ്ദുൽ റഹീം 2006ലാണ്‌ സൗദിയിലെത്തിയത്. ഒരു മാസം തികയും മുമ്പ് ഡിസംബർ 26ന്‌ ജോലിക്കിടെ സ്പോൺസറായ സൗദി പൗരൻ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹിമാൻ അൽ ശഹ്‌രിയുടെ 15 വയസ്സുകാരനായ മകൻ മരിച്ച കേസിലാണ് ജയിലിലടയ്ക്കപ്പെട്ടത്. 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്  റിയാദ് അൽ ഖർജ് റോഡിലെ അൽ ഇസ്‌കാൻ ജയിലിലെത്തി അബ്ദുൽ റഹീമും മാതാവ് ഫാത്തിമയും കഴിഞ്ഞ തിങ്കളാഴ്ച നേരിൽ കണ്ടു സംസാരിച്ചിരുന്നു. ഇന്ന് രാവിലെയാണ് കുടുംബം മടങ്ങിയെത്തിയത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles