കൊച്ചി: ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകനെ കോടതി വിളിപ്പിച്ചു. ഹൈകോടതി ജഡ്ജാണ് അഭിഭാഷകനെ അടിയന്തരമായി വിളിപ്പിച്ചിരിക്കുന്നത്. നാടകം കളിക്കരുതെന്നാണ് ബോബി ചെമ്മണ്ണൂരിനോട് കോടതി പറയുന്നത്. ജാമ്യം റദ്ദാക്കുമെന്ന് മുന്നറിയിപ്പും കോടതി നൽകുന്നു. ഈ വിഷയത്തിൽ ഇന്ന് 12-മണിക്ക് കൃത്യമായ വിശദീകരണം നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ജാമ്യം നൽകിയിട്ടും പുറത്തിറങ്ങാതിരുന്നതാണ് കോടതിയെ പ്രകോപിപ്പിച്ചത്. ആരും കോടതിക്ക് അതീതരല്ലെന്നും കോടതി.ലൈംഗികാധിക്ഷേപ കേസിൽ ജയിലിൽ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് ചൊവ്വാഴ്ച ഹൈകോടതി ജാമ്യം അനുവദിച്ചെങ്കിലും പുറത്തിറങ്ങിയിരുന്നില്ല. വിടുതൽ ബോണ്ടിൽ ഒപ്പുവെക്കില്ലെന്ന നിലപാടിൽ ഉറച്ചു നിന്നതോടെയാണ് ജയിലിൽ നിന്നിറങ്ങാതിരുന്നത്. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത ഒട്ടേറെ തടവുകാർ ജയിലിലുണ്ട്. അവർക്കുള്ള ഐക്യദാർഢ്യം കൂടിയാണിതെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരെയും ജയിൽ അധികൃതരെയും അറിയിച്ചതായാണ് സൂചന.






