spot_img
Thursday, August 27, 2026

നിറത്തിന്റെ പേരില്‍ അവഹേളനം; ജീവനൊടുക്കിയ ഷഹാനയുടെ മൃതദേഹം ഖബറടക്കി



മലപ്പുറം: നിറത്തിന്റെ പേരില്‍ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്ക വയ്യാതെ മലപ്പുറത്ത് ജീവനൊടുക്കിയ ഷഹാനയുടെ മൃതദേഹം ഖബറടക്കി.

കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിലായിരുന്നു ഖബറടക്കം. ബുധനാഴ്ച്ച രാവിലെ പത്ത് മണിയോടെ മുംതാസിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭർത്താവിന്റെയും വീട്ടുകാരുടേയും മാനസിക പീഡനം മൂലമാണ് പെണ്‍കുട്ടി മരിച്ചതെന്ന പരാതിയുമായി കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

2024 മെയ് 27 നായിരുന്നു മൊറയൂർ സ്വദേശി അബ്‌ദുല്‍ വാഹിദിന്റെയും ഷഹാനയുടേയും വിവാഹം. വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോയ ശേഷമാണ് ഭർത്താവ് അബ്‌ദുല്‍ വാഹിദ് നിറത്തിന്റെ പേരില്‍ നിരന്തരം പെണ്‍കുട്ടിയെ മാനസികമായി ഉപദ്രവിച്ചതെന്നാണ് കുടുംബം പരാതിയില്‍ പറയുന്നത്. ഷഹാന മുംതാസിന് നിറം കുറവാണെന്ന് പറഞ്ഞായിരുന്നു കുറ്റപ്പെടുത്തല്‍. ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്ന് പറഞ്ഞും അവഹേളിച്ചു. ഇതിന്റെ പേരില്‍ വിവാഹ ബന്ധം വേർപ്പെടുത്താനും നിർബന്ധിച്ചു.

വിവാഹ ബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടി വളരെ മാനസിക പ്രയാസത്തിലായിരുന്നു. വിവാഹമോചിതയായ ശേഷം എന്ത് ചെയ്യുമെന്ന ആശങ്ക പെണ്‍കുട്ടി കുടുംബത്തോട് പങ്കുവെച്ചിരുന്നു. ഭർത്താവിനും മാതാപിതാക്കള്‍ക്കും എതിരായ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles