ബംഗളൂരു: ശബ്ദത്തിൽ ഹോൺ മുഴക്കി അലോസരം സൃഷ്ടിച്ച ഡ്രൈവർമാരെ അതെ ഹോൺ മുഴക്കി കേൾപ്പിച്ച് പൊലീസ്. കർണാടകയിലാണ് സംഭവം. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ദൃശ്യങ്ങളിൽ ഒരു കോളേജ് ബസ് കാണാം. ബസിൻ്റെ ഡ്രൈവറെ അതിൽ നിന്നും പുറത്ത് ഇറക്കിയിരിക്കുകയാണ് പൊലീസ്.
പിന്നീട് ഹോൺ ശബ്ദം കേൾക്കുന്ന സ്ഥലത്ത് ചെവി ചേർത്ത് വെക്കാൻ ഡ്രൈവറോട് ആവശ്യപ്പെടുന്നു. പിന്നാലെ പൊലീസ് ഹോൺ മുഴക്കുന്നു.മുന്നിലുള്ള വാഹനങ്ങൾ മാറ്റാൻ അൽപ്പം താമസിച്ചാലും, ചില സന്ദർഭങ്ങളിൽ അനാവശ്യമായും ഹോൺ മുഴക്കുമ്പോൾ മറ്റുള്ളവർക്കുണ്ടാകുന്ന പ്രയാസം മനസിലാക്കി കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്‌തതെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
വളരെ വേഗത്തിലാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നിരവധിപേരാണ് പൊലീസിന് അഭിനന്ദവുമായെത്തിയത്.