spot_img
Thursday, June 4, 2026

റീജിത്തിൻ്റെ മരണം; ചികിത്സ പിഴവുണ്ടായിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ



അന്വേഷണത്തിന് മൂന്നം​ഗ സമിതി

കോഴിക്കോട്: ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ. കുടുംബത്തിന്റെ അനുമതിയോടെയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് അധികൃതർ പറഞ്ഞു. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. എം.കെ മണികണ്ഠനാണ് വിശദീകരണം നൽകിയത്.ഗുരുതര വൃക്ക രോഗവുമായാണ് രോഗി ആശുപത്രിയിൽ എത്തിയതെന്നും ക്രിയാറ്റിൻ്റെ അളവ് കൂടുതലായിരുന്നുവെന്നും സൂപ്രണ്ട് പ്രതികരിച്ചു. 2025 ആഗസ്റ്റ് ആറിനാണ് റീജിത്തിന്റെ ആദ്യ ശസ്ത്രക്രിയ നടന്നത്. കുറച്ച് സ്റ്റോണുകൾ അവശേഷിപ്പിച്ചാണ് അന്ന് ശസ്ത്രക്രിയ ചെയ്തത്. വൃക്ക ബ്ലോക്കാതിരിക്കാനും പഴുപ്പുണ്ടെങ്കിൽ പുറത്തേക്ക് വരാനും രോഗിയുടെ ആരോഗ്യനില മെച്ചപ്പെടുന്ന സാഹചര്യത്തിൽ വീണ്ടും ശസ്ത്രക്രിയ ചെയ്യാനുമാണ് കുറച്ച് സ്റ്റോണുകൾ നിലനിർത്തിയത്.

പിന്നീട് ചികിത്സയ്ക്ക് ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്തിരുന്നു. തുടർന്ന് 2025 ഡിസംബറിൽ രോഗി വീണ്ടും അഡ്മിറ്റ് ആകുകയായിരുന്നു. ഈ സമയം രോഗിയുടെ രണ്ട് വൃക്കയും ബ്ലോക്കായ നിലയിലായിരുന്നു. സർജറി ചെയ്യാത്ത ഭാഗത്ത് പോലും പഴുപ്പുണ്ടായിരുന്നു. അന്ന് ജീവൻ രക്ഷാചികിത്സ എന്ന രീതിയിൽ ട്യൂബ് ഇടുകയാണ് ചെയ്തത്. പഴുപ്പ് പുറത്തേക്ക് പോകാനാണ് ട്യൂബിട്ടത്.അവശനിലയിലാകുന്ന രോഗിയുടെ ജീവൻ രക്ഷിക്കാൻ മേജർ സർജറികളല്ല, പകരം ഇത്തരം മാർഗങ്ങളാണ് സ്വീകരിക്കുക. ഈ ഘട്ടത്തിൽ എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായി രോഗി സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് 2026 ഏപ്രിലിൽ സ്കാൻ ചെയ്തപ്പോൾ രോഗിയുടെ വൃക്കയിൽ കല്ല് അവശേഷിച്ചിരുന്നു. മാത്രമല്ല, വയറിലെ മസിലുകളിൽ പോലും പഴുപ്പ് ഉണ്ടായിരുന്നു. അന്നും സമാനമായി ട്യൂബിടുകയാണ് ചെയ്തതെന്നും സൂപ്രണ്ട് പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവെന്ന് പരാതി; രോഗി മരിച്ചതായി കുടുംബം

കുടുംബത്തിന്റെ സമ്മതമില്ലാതെ ശസ്ത്രക്രിയ എന്നല്ല, ചെറിയ ചികിത്സ പോലും നൽകില്ല. അതുസംബന്ധിച്ച ഡാറ്റകളുമുണ്ടാകും. കൂടാതെ രണ്ടാമത് ട്യൂബിടുക മാത്രമാണ് ചെയ്തത്, ശസ്ത്രക്രിയ ചെയ്തിട്ടില്ലെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു. റീജിത്തിന്‌ മികച്ച ചികിത്സയാണ് നൽകിയതെന്നും പരാതിയിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ഡോ. എം.കെ മണികണ്ഠൻ വ്യക്തമാക്കി.ആരോഗ്യനില വഷളായതിനെ തുടർന്ന് മെയ് 18ന് ആണ് റീജിത്തിനെ വീണ്ടും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിലും വൃക്കകളിലും അണുബാധയുണ്ടായതിനെ തുടർന്ന് മെയ് 30ന് റീജിത്തിനെ ഐസിയുവിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചെയാണ് റീജിത്ത് മരിച്ചത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles