spot_img
Saturday, April 19, 2025

‘രോഗത്തെയാണ് അകറ്റേണ്ടത്, രോഗികളേയല്ല’; സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ തുടച്ചുനീക്കുമെന്ന് വീണാ ജോര്‍ജ്




തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ പൂര്‍ണമായും തുടച്ചുനീക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കുകയാണ് അശ്വമേധം കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്ത് ഏറ്റവും കുറവ് കുഷ്ഠരോഗികളുള്ള സംസ്ഥാനം കേരളമാണ്. കേരളത്തിലെ സുശക്തമായ പൊതുജനാരോഗ്യ സംവിധാനത്തിന്റേയും പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളുടേയും ഭാഗമാണ് ഇത് കൈവരിക്കാനായതെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘അശ്വമേധം 6.0’ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രോഗത്തെയാണ് അകറ്റേണ്ടത് രോഗികളേയല്ലെന്നും മന്ത്രി പറഞ്ഞു.അശ്വമേധത്തിലൂടെ 2018ല്‍ സംസ്ഥാനത്ത് പുതുതായി കണ്ടെത്തിയ കുഷ്ഠ രോഗികളുടെ എണ്ണം 783 ആയിരുന്നു. കോവിഡ് മഹാമാരി മൂലം അക്കാലത്ത് ഈ ക്യാമ്പയിന് തടസമായി. 2022-23 കാലത്ത് ക്യാമ്പയിന്‍ വീണ്ടും ആരംഭിച്ചു. അന്ന് 559 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2024-25ല്‍ 486 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 2022-23ലും 2023-24ലും 10,000ല്‍ 0.15 ആണ് കുഷ്ഠരോഗത്തിന്റെ പ്രിവിലന്‍സ് നിരക്ക്. 2024-25ല്‍ അത് 0.11 ആയി കുറഞ്ഞിട്ടുണ്ട്.

കുട്ടികളില്‍ കുഷ്ഠരോഗം ഉണ്ടോ എന്ന് കണ്ടെത്തുന്നതിന് വലിയൊരു ക്യാമ്പയിന്‍ ആരംഭിച്ചു. അതിന്റെ കണക്ക് പരിശോധിച്ചാലും രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നതായാണ് കാണുന്നത്. 2022-23ല്‍ 33 കുഞ്ഞുങ്ങള്‍ക്കും 2023-24ല്‍ 30 കുഞ്ഞുങ്ങള്‍ക്കും രോഗമുള്ളതായി കണ്ടെത്തി. 2024-25ല്‍ 19 കുഞ്ഞുങ്ങളെ കണ്ടെത്തി. കുഞ്ഞുങ്ങളില്‍ രോഗം കണ്ടെത്തുന്നു എന്നത് മുതിര്‍ന്നവരില്‍ കുഷ്ഠരോഗം മറഞ്ഞിരിക്കുന്നു എന്നാണ് കാണിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഗായത്രി ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, സ്റ്റേറ്റ് ലെപ്രസി ഓഫീസര്‍ ഡോ. ഷീജ എ.എല്‍., ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രീതി ജയിംസ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ബിജോയ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനോജ്, സ്റ്റേറ്റ് മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles