സോഷ്യൽ ഫോറസ്ട്രി വിഭാഗം സിസിഎഫിന്‍റെ റിപ്പോർട്ട് ലഭിച്ചതായും നാട്ടാന പരിപാലന ചട്ടം പ്രത്യക്ഷത്തിൽ തന്നെ ലംഘിച്ചതായാണ് കണ്ടെത്തിയതെന്നും മന്ത്രി എകെ ശശീന്ദ്രൻ. ആനകൾക്ക് ഇടച്ചങ്ങല ഇടണം എന്ന നിർദ്ദേശം പാലിച്ചില്ല. വെടിക്കെട്ട് നടത്തിയതും അശ്രദ്ധമായിട്ടെന്ന് മന്ത്രി പറഞ്ഞു. ആനയുടമകളും ക്ഷേത്രം ഭാരവാഹികളും നടന്ന സംഭവത്തിന് ഉത്തരവാദികളാണ്. നാട്ടാന പരിപാലന ചട്ടത്തിലെ റൂൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനും ശിക്ഷാനടപടികൾ സ്വീകരിക്കാനും വ്യവസ്ഥയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതിന്‍റെയടിസ്ഥാനത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ക്ഷേത്രത്തിൽ ആന എഴുന്നള്ളിപ്പിന് അനുവാദം നൽകിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പോലീസും നിയമനടപടികൾ സ്വീകരിക്കുന്നുണ്ട്. നാട്ടിലെ ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും സർക്കാർ എതിരല്ല. പക്ഷേ നിബന്ധനകൾ ലംഘിച്ചുകൊണ്ട് ഉത്സവം നടത്താൻ പാടില്ല.
അത് ജനങ്ങൾക്ക് ദുരിതമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ടാണ് നിബന്ധനകൾ കർശനമായി നടപ്പാക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ ഉള്ള താക്കീത് എന്ന നിലയിൽ മാതൃകാപരമായി നടപടി സ്വീകരിക്കാനാണ് തീരുമാനം. സംഭവസ്ഥലം നാളെ സന്ദർശിക്കുമെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
അതേസമയം, സംഭവത്തിൽ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥന്‍ തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്ന് ദേവസ്വം ബഞ്ച് നിർദേശിച്ചു. ഗുരുവായൂര്‍ ദേവസ്വത്തോടും, വനം വകുപ്പിനോടും കോടതി വിശദീകരണം തേടി. ഇത്തരം അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ആര്‍ക്കെതിരെയാണ് കേസെടുക്കേണ്ടതെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. എന്തിനാണ് ഇത്ര ദൂരത്തേക്ക് ആനയെ കൊണ്ടുപോയതെന്നും ഹൈക്കോടതി ആരാഞ്ഞു. ദേവസ്വം ലൈവ് സ്റ്റോക് ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം. ആനയുടെ ഭക്ഷണ, യാത്ര രജിസ്റ്റര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ ഹാജരാക്കണം. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും






