തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ ഒന്നാംപാദ പരീക്ഷകൾ (ഓണപ്പരീക്ഷ) നിശ്ചയിച്ച പ്രകാരം ഈ മാസം 13-ന് തന്നെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അധ്യാപകരുടെ സെൻസസ് ഡ്യൂട്ടിയും മഴക്കെടുതിയും മൂലം പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് വ്യാപകമായി ആവശ്യമുയർന്നിരുന്നു.ഇതിന്റെ പശ്ചാത്തലത്തിൽ ചേർന്ന ഗുണനിലവാര മേൽനോട്ടസമിതി (ക്യുഐപി) യോഗമാണ് പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടത്താൻ തീരുമാനിച്ചത്. പരീക്ഷകൾ മാറ്റിവെച്ചാൽ അത് രണ്ടാം പാദത്തിലെ അധ്യയനത്തെയും കലാ-കായിക-പ്രവൃത്തിപരിചയ മേളകൾ ഉൾപ്പെടെയുള്ള മറ്റു പരിപാടികളെയും പ്രതികൂലമായി ബാധിക്കുമെന്ന് യോഗം വിലയിരുത്തി. ഓണത്തിന് ശേഷം പരീക്ഷകൾ നടത്തിയാൽ അത് കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നതിനാലാണ് ഈ തീരുമാനം.
പരീക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകൾ ഒരേ ദിവസം വരുന്നത് ഒഴിവാക്കാൻ ഹൈസ്കൂൾ വിഭാഗത്തിന്റെ ടൈംടേബിൾ പുതുക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.നേരത്തെ തീരുമാനിച്ചതുപോലെ പരീക്ഷകൾ ഈ മാസം 13-ന് തുടങ്ങി 20-ഓടെ പൂർത്തിയാകും. എട്ടാം ക്ലാസിനു മാത്രം 21-ന് രാവിലെ പ്രത്യേക പരീക്ഷ ഉണ്ടായിരിക്കുന്നതാണ്. ആഗസ്റ്റ് 31 വരെ തീർക്കേണ്ടിയിരുന്ന പാഠഭാഗങ്ങൾ ക്ലാസുകൾ മുടങ്ങിയതിനാൽ പഠിപ്പിച്ചുതീർക്കാൻ സാധിച്ചിരുന്നില്ല. ഈ പ്രതിസന്ധി പരിഹരിക്കാൻ ഓഗസ്റ്റ് 10 വരെയുള്ള പാഠഭാഗങ്ങൾ മാത്രം ഉൾപ്പെടുത്തി ചോദ്യപ്പേപ്പർ ക്രമീകരിക്കാൻ യോഗം തീരുമാനിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി വിഭാഗം പരീക്ഷകളിൽ യാതൊരു മാറ്റവുമില്ല.വരും ദിവസങ്ങളിൽ പരീക്ഷകൾ കൃത്യസമയത്ത് നടത്തി ആഗസ്റ്റ് 21-ന് തന്നെ വിദ്യാലയങ്ങളിൽ ഓണാഘോഷം സംഘടിപ്പിച്ച് സ്കൂളുകൾ അടയ്ക്കാനാണ് അധികൃതരുടെ തീരുമാനം.






