spot_img
Tuesday, April 28, 2026

അസ്വാഭാവികതയില്ല; ജുനൈദിന്‍റേത് അപകട മരണം തന്നെയെന്ന് പൊലീസ്



മലപ്പുറം: വ്ലോഗർ ജുനൈദിന്‍റെ അപകട മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ്. ജുനൈദ് അപകടകരമായ രീതിയില്‍ ബൈക്ക് ഓടിക്കുന്നുവെന്ന വിവരം അപകടത്തിന് തൊട്ടുമുമ്പ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.വ്ലോഗറും ഡാൻസറുമായ വഴിക്കടവ് ആലപ്പൊയില്‍ ചോയത്തല വീട്ടില്‍ ജുനൈദ് (32) ഇന്നലെ രാത്രിയാണ് മഞ്ചേരി തൃക്കലങ്ങോട് മരത്താണിയില്‍ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചത്.

ജുനൈദിന്‍റെ മരണത്തില്‍ നിഗൂഢതയുണ്ടോയെന്ന് അന്വേഷിക്കണമെന്ന് സമൂഹമാധ്യമങ്ങളില്‍ പലരും ആവശ്യമുയർത്തിയിരുന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച്‌ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ജുനൈദ് അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ജുനൈദ് തനിക്കെതിരായ ആരോപണങ്ങള്‍ സത്യമല്ലെന്ന് അവകാശപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് മരണത്തില്‍ നിഗൂഢതയുണ്ടോയെന്ന് അന്വേഷിക്കണമെന്ന ആവശ്യമുയർന്നത്.

വെള്ളിയാഴ്ച വൈകീട്ട് 6.20നാണ് ജുനൈദിന്‍റെ മരണത്തിന് കാരണമായ അപകടം നടന്നത്. മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പൊലീസ് പറയുന്നത്. മഞ്ചേരിയില്‍നിന്ന് വഴിക്കടവിലേക്ക് വരുന്നതിനിടെയാണ് അപകടം. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. റോഡരികില്‍ രക്തം വാർന്ന് കിടക്കുന്നത് കണ്ട നാട്ടുകാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles