മംഗളൂരു: മാനസികാസ്വാസ്ഥ്യമുള്ള പുൽപള്ളി സ്വദേശി കർണാടകയിൽ മംഗളൂരുവിനടുത്ത് കുടുപ്പു കല്ലുട്ടിയിൽ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സാന്ദീപനി കുന്നിലെ മുച്ചിക്കാടൻ കുഞ്ഞായിയുടെ മകൻ അഷ്റഫ് (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ടോടെയാണ് കല്ലുട്ടിയിലെ ഗ്രൗണ്ടിന് സമീപം ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാൾ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയതാണ് വാക്കേറ്റത്തിനും കൊലപാതകത്തിനും കാരണമെന്ന് പ്രചാരണം ഉണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
പോസ്റ്റ്മോർട്ടത്തിൽ ആന്തരിക രക്തസ്രാവവും മുതുകിൽ പല തവണകളായി അടിയേറ്റതായും കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം ചേർന്ന് മർദിച്ച് കൊന്നതാണെന്നു തെളിഞ്ഞത്. 19 പേർക്കെതിരെ കേസ് റജിസ്റ്റർ ചെയ്ത പൊലീസ് കുടുപ്പു സ്വദേശികളായ ടി.സച്ചിൻ (26), ദേവദാസ് (50), ദീക്ഷിത് (32), നടേശ (33), മഞ്ചുനാഥ (32), വിവിയൻ അൽവാരിസ് (41), ശ്രീദത്ത (32), പ്രദീപ് കുമാർ (35), ധനുഷ് (31), ദീക്ഷിത് (27), കിഷോർ കുമാർ (37), പെദമാലെ സ്വദേശി സായിദീപ് (29), വാമഞ്ചൂർ സ്വദേശി സന്ദീപ് (23), ബിജയ് സ്വദേശി രാഹുൽ (23) പദവ് സ്വദേശി മനീഷ് ഷെട്ടി (21) എന്നിവരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഇരുപത്തഞ്ചിലധികം ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായും ഇവർക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഇടയ്ക്കിടെ വീടുവിട്ടിറങ്ങുന്ന അഷ്റഫ് ചെറിയ പെരുന്നാളിനു രണ്ടു ദിവസം മുൻപ് വീട്ടിൽ വന്നിരുന്നു. മംഗളൂരുവിൽ ആക്രി പെറുക്കിവിറ്റു കഴിയുകയായിരുന്നു. വേങ്ങരയിൽ നിന്നാണ് ഇവരുടെ കുടുംബം പുൽപള്ളിയിലെത്തിയത്. നേരത്തേ പുൽപള്ളിയിൽചില്ലറ ബിസിനസുകൾ നടത്തിയിരുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ട പുൽപള്ളി സ്വദേശി അഷ്റഫിന്റെ മൃതദേഹവുമായി ബന്ധുക്കൾ നാട്ടിലേക്ക് തിരിച്ചു. ഖബറടക്കം മലപ്പുറം പറപ്പൂരിലെ മഹല്ല് പള്ളിയിൽ നടക്കുംഅഷ്റഫ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും തൊടുപുഴയിലും തൃശൂരിലുമായി ചികിത്സ തേടിയിട്ടുണ്ടെന്നും ഇളയ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് വീഴ്ച വരുത്തിയിട്ടില്ലെന്നും സംഭവിച്ച കാര്യങ്ങളിൽ വ്യക്തതയില്ലെന്നും സഹോദരൻ പറഞ്ഞു.






