കോഴിക്കോട് : നഗരത്തില്‍ യുവതികളെ ഉപയോഗിച്ചു നടത്തിയ പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്. മലാപ്പറമ്പില്‍ അപ്പാര്‍ട്ടുമെന്റില്‍ പ്രവര്‍ത്തിച്ചുവന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഒന്‍പതുപേര്‍ പിടിയിലായി. പ്രമുഖ സ്വകാര്യ ആശുപത്രിക്ക് സമീപം നിരവധി വീടുകള്‍ ഉളള ഇടത്താണ് ഈ അപ്പാര്‍ട്മെന്റ്.ആറ് യുവതികളും മൂന്ന് പുരുഷന്‍മാരുമാണ് പിടിയിലായത്. ഇതില്‍ രണ്ടു പേര്‍ ഇടപാടുകാരാണെന്ന് പോലീസ് പറഞ്ഞു.രണ്ടു വര്‍ഷത്തിലേറെയായി വാടകക്ക് എടുത്തതാണ് ഈ അപ്പാര്‍ട്ടുമെന്റ്. ഫുട്ബോള്‍ പരിശീലനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരാളാണ് അപ്പാര്‍ട്ട് മെന്റ് വാടകക്ക് എടുത്തത്. മാസങ്ങള്‍ക്ക് മുന്‍പ് ചില അയല്‍ക്കാര്‍ ഇവിടെയെത്തുന്നവരെക്കുറിച്ച് സംശയം അറിയിച്ചപ്പോള്‍ പോലീസ് അന്വേഷിച്ചിരുന്നു.എന്നാല്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ ബന്ധുക്കളാണ് അപ്പാര്‍ട്ടുമെന്റില്‍ എത്തുന്നതെന്നാണ് വീട് വാടകയ്ക്ക് എടുത്തവര്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് അപാര്‍ട്ടുമെന്റ് സിറ്റി ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു. പിടിയിലായവരെ നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.






