spot_img
Sunday, June 14, 2026

പ്രചാരണം കൊടിയിറങ്ങി; വിധിയെഴുത്ത് മറ്റന്നാള്‍



നിലമ്പൂരിനെ ഇളക്കിമറിച്ച് ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം. മൂന്ന് മുന്നണി സ്ഥാനാര്‍ഥികളുടെയും റോഡ് ഷോ, ഉച്ചതിരിഞ്ഞ് ടൗണില്‍ എത്തിയപ്പോള്‍, മഴയിലും അണികളുടെ ആവേശം അണപൊട്ടി. എന്നാല്‍ കൊട്ടിക്കലാശമില്ലാതെ, വീടുകള്‍ കയറി വോട്ടഭ്യര്‍ഥിക്കുകയായിരുന്നു പി വി അന്‍വര്‍. മറ്റന്നാള്‍ ആണ് നിലമ്പൂര്‍ പോളിങ് ബൂത്തിലെത്തുക.

വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ട്ടി ചിഹ്നത്തില്‍ എം സ്വരാജ് എന്ന കരുത്തനായ സ്ഥാനാര്‍ഥിയെത്തിയപ്പോള്‍ മുതല്‍ എല്‍ഡിഎഫ് ക്യാംപ് ആവേശത്തിലായിരുന്നു. അതിന്റെ കൊടുമുടിയാണ് ഇന്ന് കൊട്ടിക്കലാശത്തില്‍ കണ്ടത്. കോരിച്ചൊരിയുന്ന മഴയെപ്പോലും അവഗണിച്ച് മഴ നനഞ്ഞുകുളിച്ച് സ്വരാജ് പ്രവര്‍ത്തകര്‍ക്ക് നടുവില്‍ നിന്നപ്പോള്‍ മുദ്രാവാക്യം വിളികളും ആഘോഷങ്ങളും കൂടുതല്‍ ഉച്ചത്തിലായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിപ്പട തന്നെ മണ്ഡലത്തിലെത്തി. ഒരൊറ്റ വോട്ടും ചോരില്ലെന്ന ആത്മവിശ്വാസമാണ് എല്‍ഡിഎഫ് ക്യാംപിന്

ആര്യാടന്‍ മുഹമ്മദിന്റെ കോട്ട ഇക്കുറി തിരികെ പിടിക്കുമെന്ന ആത്മവിശ്വാസമാണ് യുഡിഎഫിന്. ഒറ്റക്കെട്ടായുള്ള പ്രചാരണം, പ്രിയങ്കയുടെ വരവ് എല്ലാം യുഡിഎഫ് ക്യാംപിനെ ആവേശം കൊള്ളിച്ചു. ഭരണവിരുദ്ധ വികാരം മുതലെടുത്ത് പതിനയ്യായിരം വോട്ടിന്റെ ഭൂരിപക്ഷം പിടിക്കാമെന്ന് ഉറപ്പിക്കുകയാണ് ആര്യാടന്‍ ഷൗക്കത്ത്

വലിയ സ്വാധീനമില്ലാത്ത മണ്ഡലമെങ്കിലും പോരിനുറച്ചുതന്നെയാണ് കളത്തില്‍ എന്‍ഡിഎയും സജീവമായത്. പുതിയ അധ്യക്ഷന്റെ കീഴില്‍ അണിനിരക്കുന്ന ബിജെപിയുടെ ആദ്യരാഷ്ട്രീയ പോരാണിത്. മലയോരമേഖലയില്‍ കൂടുന്ന ഓരോ വോട്ടും മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. സിപിഐഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ തുടങ്ങിയ അന്‍വറിന്റെ യുദ്ധവും പിന്നെ തനിച്ചുള്ള പോരാട്ടവും ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോള്‍ അന്‍വറും കൂട്ടാളികളും അമിതാവേശമൊന്നും കാട്ടിയില്ല. കൊട്ടിക്കലാശമില്ലാതെ വീടുകള്‍ കയറിയായിരുന്നു അന്‍വറിന്റെ പ്രചാരണം. 25 നാള്‍ നീണ്ടുനിന്ന പരസ്യപ്രചാരണമാണ് അവസാനിച്ചിരിക്കുന്നത്. പാളയത്തിലെ പടയും, നാടകീയ രാഷ്ട്രീയ നീക്കങ്ങളും ആരോപണങ്ങളും വിവാദങ്ങളും കടന്ന് നിലമ്പൂര്‍ മറ്റന്നാള്‍ പോളിംഗ് ബൂത്തിലെത്തും



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles