തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടും കാത്തിരിക്കുന്ന ചിത്രമാണ് ‘കെജിഎഫ് 2’. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിരവധി തവണ റിലീസ് ചെയ്യാനിരുന്ന ചിത്രം ഏപ്രിലിൽ 14ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ എത്തിയ നടൻ യാഷിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
വേദിയിൽ മലയാള സിനിമയിലെ ഡയലോഗ് പറഞ്ഞാണ് താരം ആരാധകരെ ആവേശത്തിലാഴ്ത്തിയത്. മലയാള സിനിമ കാണാറുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് പറഞ്ഞ യാഷ്, മോഹൻലാലിന്റെ ‘നീ പോ മോനെ ദിനേശാ’ എന്ന ഡലോഗ് പറഞ്ഞ് ഏവരെയും അമ്പരപ്പിക്കുക ആയിരുന്നു. മമ്മൂട്ടിയെ ആണോ മോഹൻലാലിനെ ആണോ ഇഷ്ടമെന്ന ചോദ്യത്തിന് രണ്ട് പേരുമെന്നും ഇരുവരും ഇതിഹാസങ്ങളാണെന്നും യാഷ് പറഞ്ഞു.
ഇരുവർക്കൊപ്പവും താൻ സമയം ചിലവഴിച്ചിട്ടുണ്ടെന്നും താരം പറയുന്നു. ദുൽഖർ, ടൊവിനോ, പൃഥ്വിരാജ് എന്നിവരുമായി സംസാരിക്കാൻ സാധിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. മമ്മൂട്ടിയുടെ ഭീഷ്മപർവ്വത്തിലെ ചാമ്പിക്കോ എന്ന ഡയലോഗും താരം പറയുന്നുണ്ട്. അതേസമയം, പൃഥ്വിരാജിന്റെ അഭാവത്തിൽ സുപ്രിയ ആയിരുന്നു ലുലു മാളിൽ എത്തിയത്.
അടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോർദാനിലാണ് പൃഥ്വിയിപ്പോൾ. കേരളത്തിൽ സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്‌ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്.കെജിഎഫ് 2ല്‍ യഷിന് പുറമെ ബോളിവുഡ് താരം സഞ്ജയ് ദത്തും പ്രധാന വേഷം ചെയ്യുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു ഇത്. കഴിഞ്ഞ ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചത്.






