തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. അഞ്ച് വാടക ബസുകൾകൂടി നിരത്തിലിറക്കി. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ മന്ത്രി സി.പി.ജോൺ ബസുകളുടെ ആദ്യയാത്ര ഉദ്ഘാടനം ചെയ്‌തു. രണ്ട് എ.സി. ബസുകളും മൂന്ന് നോൺ എ.സി. ബസുകളുമാണ് വാടകയ്ക്ക് എടുത്തത്. പാലക്കാട്ടേക്ക് രണ്ടും എറണാകുളം അമൃത ആശുപത്രിയിലേക്ക് ഒന്നുമായി മൂന്ന് പുതിയ സർവീസുകളാണ് ആരംഭിക്കുന്നത്.എ.സി. ബസുകൾ രാത്രി 12.30-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് രാവിലെ 9.40-ന് പാലക്കാട് എത്തും. ഉച്ചയ്ക്ക് 1.45-ന് പാലക്കാട്ടുനിന്ന് യാത്രതിരിക്കും, രാത്രി 11.45-ന് തിരുവനന്തപുരത്ത് എത്തും. 467 രൂപയാണ് ടിക്കറ്റ് നിരക്ക്.നോൺ എ.സി. പാലക്കാട് ബസ് രാവിലെ 7.30-ന് തിരുവനന്തപുരത്തുനിന്നു യാത്രതിരിച്ച് വൈകീട്ട് 5.15-ന് എത്തും. രാത്രി 10.45-നാണ് പാലക്കാട്ടുനിന്ന് മടക്കയാത്ര. 411 രൂപയാണ് ഇതിലെ നിരക്ക്. നോൺ എ.സി. ബസാണ് അമൃതയിലേക്കുള്ളത്. ദിവസവും രാവിലെ 5.15-ന് പുറപ്പെടുന്ന ബസ് പകൽ 11.30-ന് അമൃതയിൽ എത്തിച്ചേരും. അവിടെനിന്ന് ഉച്ചയ്ക്ക് 1.20-ന് തിരിച്ച് രാത്രി എട്ടിന് തിരുവനന്തപുരത്ത് എത്തും. 276 രൂപയാണ് ടിക്കറ്റ് നിരക്ക്.പുതിയ സർവീസുകൾ ആരംഭിക്കുന്നതിലൂടെ ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനൊപ്പം പൊതുഗതാഗത മേഖലയിലെ സേവനങ്ങൾ വിപുലീകരിക്കാനും കെഎസ്ആർടിസി ലക്ഷ്യമിടുന്നു.






