പുതുക്കിയ ജിഎസ്ടി നിരക്കുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വന്നതോടെ ടിവിക്കും എസിക്കും റഫ്രിജറേറ്ററിനുമൊക്കെ വിലയിൽ വമ്പൻ കുറവ് വരുത്തി കമ്പനികൾ. 32 ഇഞ്ചിന് മുകളിലുള്ള ടിവിക്ക് 85,000 രൂപവരെയാണ് കുറഞ്ഞത്. ഡിഷ്‍വാഷർ മുതൽ എസി വരെയുള്ള മറ്റ് ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്കും വില കുറഞ്ഞു.
ജിഎസ്ടിയിലെ 12%, 28% എന്നീ സ്ലാബുകൾ ഒഴിവാക്കിയതോടെ ഏതാണ്ട് 375ഓളം ഉൽപന്നങ്ങളാണ് ഇന്നുമുതൽ കുറഞ്ഞവിലയിലേക്ക് ഇറങ്ങിയത്. ജനങ്ങൾ നിത്യേന വാങ്ങുന്ന ഭക്ഷ്യവസ്തുക്കളും മരുന്നുകളും സോപ്പും ടൂത്ത്പേസ്റ്റും ഷാംപൂവിനുമൊക്കെ മാത്രമല്ല, ടിവി മുതൽ കാറുകൾക്ക് വരെ വില കുറയുകയാണ്. ഒട്ടേറെ ഉൽപന്നങ്ങളുടെ നികുതി 5 ശതമാനമായി കുറച്ചതിന് പുറമേ, നിരവധി ഉൽപന്നങ്ങളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്താണ് ജിഎസ്ടി 2.0 പരിഷ്കാരം പ്രഖ്യാപിച്ചത്. ഇതുവഴി 2 ലക്ഷം കോടി രൂപയാണ് വിപണിയിലേക്ക് ഒഴുകിയെത്തുകയെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ അഭിപ്രായപ്പെട്ടത്.
ടിവിയിൽ ഇനി ‘ബിഗ് സ്ക്രീൻ’ താരം32 ഇഞ്ചിന് മുകളിലുള്ള ടിവികൾക്ക് നികുതി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചു. ഇതോടെ ഒട്ടുമിക്ക കമ്പനികളും വിലയിൽ (എംആർപി) 2,500 രൂപ മുതൽ 85,800 രൂപവരെയാണ് കുറച്ചത്. ഇന്നു പ്രാബല്യത്തിൽ വന്നവിധം സോണി, എൽജി, പാനസോണിക് തുടങ്ങിയവയൊക്കെ വില കുറച്ചു. 43 മുതൽ 93 ഇഞ്ച് വരെയുള്ള ടിവികളാണ് ഇപ്പോൾ തരംഗം.
ദാ, ആശ്വാസം ഇങ്ങനെ നിത്യോപയോഗ സാധനങ്ങൾ: സോപ്പ്, ടൂത്ത്പേസ്റ്റ്, ഷാംപൂ, വെണ്ണ, നെയ്യ്, പനീർ, ഹെയർ ഓയിൽ തുടങ്ങി ജനങ്ങൾ നിത്യേന വാങ്ങുന്ന നിരവധി ഉൽപന്നങ്ങൾക്ക് ഇനി നികുതി 12 ശതമാനമല്ല, 5%.
∙ ഇലക്ട്രോണികിസ്: എസിക്കും ടിവിക്കും റഫ്രിജറേറ്ററിനും ഡിഷ് വാഷറിനും ഇതുവരെ നികുതി 28 ശതമാനമായിരുന്നെങ്കിൽ ഇന്നുമുതൽ 18% മാത്രം. എസിയും ടിവിയും വാങ്ങാൻ കൊതിക്കുന്നവർക്കും നിലവിലുള്ളത് അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഇതു നേട്ടമാകും.∙ ഇൻഷുറൻസ്: ഹെൽത്ത്, ലൈഫ് ഇൻഷുറൻസ് പ്രീമിയം പോളിസികളുടെ നികുതിഭാരം 18 ശതമാനത്തിൽ നിന്ന് പൂജ്യമാക്കി. മെഡിക്കൽ ഉപകരണങ്ങളുടേത് 18ൽ നിന്ന് കുറഞ്ഞത് 5 ശതമാനത്തിലേക്ക്.∙ കാറും ടൂവീലറും: ചെറുകാറുകൾ അഥവാ ഹാച്ച്ബാക്കുകൾക്ക് ഇനി 18 ശതമാനമാണ് ജിഎസ്ടി. നേരത്തേ 28 ശതമാനമായിരുന്നു. 1,200സിസിക്ക് താഴെയുള്ള പെട്രോൾ കാറുകൾ, 1,500 സിസിക്ക് താഴെയുള്ള ഡീസൽ കാറുകൾ എന്നിവയ്ക്കാണ് നികുതിയിളവ്. ബസ്, ട്രക്ക് എന്നിവയ്ക്കും വാഹന ഘടകങ്ങൾക്കും നികുതി 18%. 350 സിസിക്ക് താഴെയുള്ള ടൂവീലറുകളുടെ നികുതിയും 28ൽ നിന്ന് 18 ശതമാനമാക്കിയത് ഉപഭോക്താക്കൾക്കും വിപണിക്കും വൻ നേട്ടമാകും.∙ ഹോട്ടൽ/ജിം/സലൂൺ: ജിം, സലൂൺ സേവനങ്ങളുടെ നികുതിഭാരം 18 ശതമാനത്തിൽ നിന്ന് 5 ശതമാനമാക്കി. ഒരു ഉദാഹരണം – ഇന്നു മുടി വെട്ടുന്നവർ 18% നികുതി കൊടുക്കണം; ഇന്നു മുതൽ 5 ശതമാനമായി കുറയും! ഒരു രാത്രിക്ക് 7,500 രൂപയിൽ താഴെ നിരക്കുള്ള ഹോട്ടലുകളുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനവുമാക്കിയിട്ടുണ്ട്.
വസ്ത്രം, പാദരക്ഷകൾ എന്നിവയ്ക്ക് 2,500 രൂപയ്ക്ക് താഴെയുള്ള പർച്ചേസുകൾക്ക് 5% മാത്രമാണ് ജിഎസ്ടി. നികുതി കുറയുന്നതോടെ ഗൃഹോപകരണങ്ങളുടെ വിലയിൽ 7-8% വരെ വിലക്കുറവുണ്ടാകും. സിമന്റിനും നികുതി 5 ശതമാനമാക്കിയത് ഭവന നിർമാണ മേഖലയ്ക്ക് നേട്ടമാകും. പുതുതായി വീടുവയ്ക്കുന്നവർക്കും ഈയിനത്തിൽ ബജറ്റ് വലിയതോതിൽ ലാഭിക്കാം.
വില കൂടുന്നതോ? ദാ, ഇവയ്ക്ക്
ജി എസ് ടി 2.0ൽ ചില ഉൽപന്ന/സേവനങ്ങൾക്ക് വില കൂടുന്നുമുണ്ട്. ആഡംബര ഉൽപന്ന/സേവനങ്ങൾ, ആരോഗ്യത്തിന് ഹാനികരമായ ഉൽപന്നങ്ങൾ എന്നിവയ്ക്കാണ് വിലയേറുക. പുകയില, പാൻ മസാല, കോള തുടങ്ങിയവയ്ക്ക് 40% ജിഎസ്ടിക്ക് പുറമെ സെസും ബാധകമാകും. 1,500 സിസിക്ക് മുകളിലുള്ള കാറുകൾ, 4 മീറ്ററിലധികം നീളമുള്ള എസ്‍യുവി എന്നിവയ്ക്കും ഇനി നികുതി 40%. ബെറ്റിങ്, കാസിനോ തുടങ്ങി പണമിടപാടുള്ള ഗെയിമിങ് മേഖലയ്ക്കും നികുതി 40 ശതമാനം.






