കരൂർ റാലി ദുരന്തം: മരണം 40 ആയി
ചെന്നൈ: കരുർ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 39 പേർ മരിച്ച സംഭവത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം പ്രഖ്യാപിച്ച് ടിവികെ അധ്യക്ഷൻ വിജയ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ഹൃദയം തകരുന്ന വേദനയോടെയാണ് അനുശോചന സന്ദേശം എഴുതുന്നതെന്ന് വിജയ് കുറിച്ചു.
വിജയ്‍യുടെ കുറിപ്പ്കരുറിൽ ഇന്നലെ സംഭവിച്ചതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ എന്‍റെ മനസ്സും ഹൃദയവും അതിയായ ദുഃഖത്താൽ നിറയുകയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഈ കഠിനമായ ദുഃഖത്തിൽ, എന്‍റെ ഹൃദയത്തിൽ അനുഭവിക്കുന്ന വേദന വാക്കുകളാൽ പ്രകടിപ്പിക്കാൻ എനിക്ക് കഴിയുന്നില്ല. എന്‍റെ കണ്ണുകളും മനസും ദുഃഖത്താൽ മൂടിയിരിക്കുന്നു.ഞാൻ കണ്ടുമുട്ടിയ എല്ലാവരുടെയും മുഖങ്ങൾ എന്‍റെ മനസ്സിൽ മിന്നിമറയുന്നു. സ്നേഹവും കരുതലും കാണിക്കുന്ന പ്രിയപ്പെട്ടവരെക്കുറിച്ച് ഓർക്കുമ്പോൾ എന്‍റെ ഹൃദയം കൂടുതൽ തളരുന്നു. എന്‍റെ പ്രിയപ്പെട്ടവരേ… നമ്മുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിലുള്ള നിങ്ങളുടെ ദുഃഖത്തിൽ വിവരിക്കാനാവാത്ത വേദനയോടെ ഞാൻ അനുശോചനം അറിയിക്കുന്നു. ഈ അതിരില്ലാത്ത ദുഃഖത്തിൽ നിങ്ങളുടെ ഹൃദയത്തോട് ചേർന്ന് ഞാനുമുണ്ട്.
കരൂർ റാലി ദുരന്തം: മരണം 40 ആയി
തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 40 ആയി. ഇന്നലെ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നേടിയ കരൂർ സ്വദേശിയായ കവിൻ ആണ് അൽപ്പസമയം മുൻപ് മരിച്ചത്. ഇയാൾ ഇന്നലെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാർജ് വാങ്ങി പോയിരുന്നു. ശേഷം വീട്ടിലെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. പിന്നാലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. 111 ഓളെ പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. അതേസമയം, മരിച്ചവരിൽ 39 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. ഇന്നലെ രാത്രിയാണ് കരൂരിൽ വിജയ്‍യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 40 പേര്‍ മരിച്ച ദുരന്തമുണ്ടായത്






