spot_img
Sunday, April 19, 2026

ചുട്ടു പൊള്ളി കേരളം; അൾട്രാവയലറ്റ് വികിരണ തോത് കൂടിയ 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്



സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് വിവിധ ജില്ലകളിൽ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിലെ യുവി ഇൻഡക്സ് കണക്കനുസരിച്ചാണ് 6 ജില്ലകളിൽ ഓറഞ്ച് അളർട്ട് പ്രഖ്യാപിച്ചത്. അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും പാലക്കാട്, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 °C വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, 2026 മാർച്ച് 11, 12 തീയതികളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. താപനില കൂടിയതിനെ തുടർന്ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പത്തനംതിട്ടയിലെ കോന്നി, ആലപ്പുഴയിലെ ചെങ്ങന്നൂർ, കോട്ടയത്തെ ചങ്ങനാശ്ശേരി, ഇടുക്കിയിലെ മൂന്നാർ, പാലക്കാട് ജില്ലയിലെ തൃത്താല എന്നിവിടങ്ങളിലാണ് അതീവ ജാഗ്രതയുടെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിലുള്ളവർ സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ ഗൗരവകരമായ മുൻകരുതലുകൾ സ്വീകരിക്കണം. എറണാകുളത്തെ കളമശ്ശേരി, തൃശ്ശൂരിലെ ഒല്ലൂർ, മലപ്പുറത്തെ പൊന്നാനി, കോഴിക്കോട്ടെ ബേപ്പൂർ, വയനാട് ജില്ലയിലെ മാനന്തവാടി എന്നിവിടങ്ങളിൽ ജാഗ്രതാനിർദ്ദേശത്തിന്റെ ഭാഗമായി യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles