മിക്ക ദിവസങ്ങളിലും ജോലിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ വിട്ടുമാറാത്ത കഴുത്തുവേദനയോ തലവേദനയോ നിങ്ങളെ അലട്ടാറുണ്ടോ? ജോലിയിലെ സമ്മർദ്ദം മൂലമാണ് ഇതെന്ന് കരുതി വേദനസംഹാരികളിൽ അഭയം തേടുന്നവരാണ് ഭൂരിഭാഗവും. എന്നാൽ യഥാർത്ഥ വില്ലൻ നിങ്ങളുടെ കൺമുന്നിൽ തന്നെയുണ്ടെന്ന് മുന്നറിയിപ്പ് നൽകുകയാണ് പ്രശസ്ത അനസ്തേഷ്യോളജിസ്റ്റും പെയിൻ മെഡിസിൻ വിദഗ്ധനുമായ ഡോക്ടർ കുനാൽ സൂദ്.നമ്മൾ മൊബൈലോ ലാപ്‌ടോപ്പോ ഉപയോഗിക്കുമ്പോൾ പുലർത്തുന്ന തെറ്റായ ശരീരഭാവം (Posture) ആണ് ഈ വിട്ടുമാറാത്ത വേദനയ്ക്ക് പിന്നിലെ പ്രധാന കാരണം. സ്‌ക്രീനുകളിലേക്ക് കുനിഞ്ഞുനോക്കുന്ന നമ്മുടെ രീതി കഴുത്തിലെ പേശികൾക്ക് അമിതമായ ഭാരമാണ് നൽകുന്നത്.
നമ്മുടെ തലയുടെ സ്വാഭാവിക ഭാരം ഏകദേശം 10 മുതൽ 12 റാത്തൽ (lb) വരെയാണ്. എന്നാൽ ഫോണിലേക്കോ ലാപ്‌ടോപ്പിലേക്കോ നോക്കാൻ തല 45 മുതൽ 60 ഡിഗ്രി വരെ മുന്നോട്ട് ചരിക്കുമ്പോൾ, കഴുത്തിലെ കശേരുക്കൾക്ക് (Cervical Spine) അനുഭവപ്പെടുന്ന ഭാരം 40 മുതൽ 60 റാത്തൽ വരെയായി ഉയരുന്നു.അതായത്, സാധാരണ ഇരിക്കുന്നതിനേക്കാൾ മൂന്ന് മുതൽ അഞ്ച് മടങ്ങ് വരെ അധികഭാരമാണ് ഈ സമയത്ത് കഴുത്ത് താങ്ങേണ്ടി വരുന്നത്. ഈ അമിത സമ്മർദ്ദം കാലക്രമേണ കഠിനമായ കഴുത്തുവേദനയിലേക്കും പിന്നീട് അത് തലയുടെ പിൻഭാഗത്തേക്ക് പടരുന്ന ‘ടെൻഷൻ ഹെഡേക്ക്’ (Tension Headache) എന്ന അവസ്ഥയിലേക്കും നയിക്കുന്നു.
ഈ പ്രശ്നത്തിൽ നിന്നും രക്ഷനേടാൻ ലളിതമായ ചില മാറ്റങ്ങൾ വരുത്തിയാൽ മതിയാകുമെന്ന് ഡോക്ടർ നിർദ്ദേശിക്കുന്നു. ഫോണോ ലാപ്‌ടോപ്പോ ഉപയോഗിക്കുമ്പോൾ സ്‌ക്രീൻ നിങ്ങളുടെ കണ്ണിന്റെ നേർരേഖയിലേക്ക് (Eye Level) ഉയർത്തി വെക്കുക എന്നതാണ് ഏറ്റവും പ്രധാനം. ജോലിക്കിടയിൽ കൃത്യമായ ഇടവേളകൾ എടുക്കാനും, ഒരേ ഇരിപ്പ് തുടരാതെ ശരീരം ചലിപ്പിക്കാനും ശ്രദ്ധിക്കണം. ഇത്തരം ചെറിയ മുൻകരുതലുകൾ വഴി വലിയ ശാരീരിക ബുദ്ധിമുട്ടുകളിൽ നിന്ന് നമുക്ക് മോചനം നേടാനാകും.






