കൊച്ചി: അവയവദാനത്തിന് വ്യാജ രേഖ ചമച്ച കേസിൽ മുഖ്യപ്രതി നജീബ് പിടിയിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നാണ് പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തെത്തുടർന്ന് ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഗാസിയാബാദിൽ വെച്ച് നജീബ് പിടിയിലായത്.ഇയാളെ ഇന്ന് തന്നെ വിമാനമാർഗ്ഗം കൊച്ചിയിൽ എത്തിക്കും. കഴിഞ്ഞ മൂന്ന് വർഷമായി നജീബിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാജരേഖകളുണ്ടാക്കി അവയവക്കച്ചവടം നടത്തിവരികയാണെന്ന് പൊലീസ് കണ്ടെത്തി. നിരവധി സാധാരണക്കാരെയും പാവപ്പെട്ടവരെയുമാണ് ഇവർ ചതിയിൽപ്പെടുത്തിയത്.
കേസിൽ നജീബിന്റെ ഭാര്യ ഉൾപ്പെടെ ഇതുവരെ ഏഴു പേർ അറസ്റ്റിലായിട്ടുണ്ട്. കൊല്ലം, എറണാകുളം ജില്ലകളിൽ നിന്നാണ് മറ്റ് പ്രതികളെ പിടികൂടിയത്. നജീബിനെ കൊച്ചിയിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യുന്നതോടെ അവയവക്കച്ചവട മാഫിയയെക്കുറിച്ചും, എത്രത്തോളം വ്യാജരേഖകൾ ചമച്ചിട്ടുണ്ടെന്നതിനെക്കുറിച്ചും കൂടുതൽ വ്യക്തത വരുമെന്ന് പൊലീസ് അറിയിച്ചു.






