എറണാകുളം: സംസ്ഥാനത്തെ വിവിധ മഹല്ലുകളിൽ വർഷങ്ങളായി നിലനിൽക്കുന്ന തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻ വഖഫ് ബോർഡ് നടത്തുന്ന അദാലത്തുകൾ വിജയത്തിലേക്ക്. കോടതികളിലും ബോർഡിന് മുന്നിലുമായി കെട്ടിക്കിടക്കുന്ന കേസുകൾ ഇരുവിഭാഗങ്ങളെയും നേരിൽ കണ്ട് സംസാരിച്ച് ഒത്തുതീർപ്പിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ കൊച്ചിയിലും കോഴിക്കോടുമായി നടന്ന ആറ് അദാലത്തുകളിലായി മുപ്പതോളം കേസുകൾ പൂർണമായും തീർപ്പാക്കാൻ സാധിച്ചു. ഏകദേശം 20 വർഷത്തോളമായി തുടർന്നിരുന്ന സങ്കീർണമായ കേസുകൾ പോലും ഇത്തരത്തിൽ പരിഹരിക്കപ്പെട്ടു എന്നത് ശ്രദ്ധേയമാണ്.
ആകെ 125 സങ്കീർണമായ കേസുകൾ അടിയന്തരമായി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദാലത്തുകൾ ആരംഭിച്ചത്. ഇതിനോടകം മുപ്പതോളം കേസുകളിൽ സംയുക്ത അപേക്ഷ തയ്യാറാക്കി ഒത്തുതീർപ്പിലെത്തിക്കാൻ ബോർഡിന് സാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ മഹല്ലുകളിലായി നിലവിൽ ആയിരത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഏറ്റവും പഴക്കമുള്ളതും സങ്കീർണവുമായ കേസുകൾക്കാണ് അദാലത്തുകളിൽ പ്രഥമ പരിഗണന നൽകുന്നത്. വരും മാസങ്ങളിൽ കൂടുതൽ അദാലത്തുകൾ സംഘടിപ്പിച്ച് ബാക്കിയുള്ള തർക്കങ്ങളും ഘട്ടംഘട്ടമായി പരിഹരിക്കാനാണ് വഖഫ് ബോർഡിന്റെ നീക്കം.
മഹല്ല് കേസുകൾ തീർപ്പാക്കുന്നതിനൊപ്പം തന്നെ വഖഫ് സ്വത്തുക്കൾ ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികളും ബോർഡ് ഊർജിതമാക്കിയിട്ടുണ്ട്. വഖഫ് സ്വത്തുക്കൾ ‘ഉമീദ്’ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള കാലാവധി മേയ് 17ന് അവസാനിക്കുകയാണ്. ഇതിന് മുന്നോടിയായി സംസ്ഥാനത്തെ 80 ശതമാനത്തോളം വഖഫ് സ്വത്തുക്കളുടെയും രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കി. വെറും രണ്ട് മാസം മുമ്പ് 25 ശതമാനം മാത്രമായിരുന്ന രജിസ്ട്രേഷൻ നിരക്കാണ് ചുരുങ്ങിയ കാലയളവിൽ 80 ശതമാനത്തിലേക്ക് ഉയർത്തിയത്. ഈ സമയപരിധിക്കുള്ളിൽ തന്നെ ബാക്കിയുള്ളവ കൂടി പൂർത്തിയാക്കി വഖഫ് ഭരണസംവിധാനം പൂർണമായും സുതാര്യമാക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്.






