ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ ഒരുങ്ങിയ രാഷ്ട്രീയ പരിഹാസക്കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (സിജെപി) എക്സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാനും ശ്രമം. അക്കൗണ്ട് തുറക്കുമ്പോൾ കാണിക്കുന്ന പോപ്പ്-അപ്പ് സന്ദേശത്തിന്റെ ചിത്രം ഉൾപ്പെടെ പങ്കുവെച്ചുകൊണ്ട് ഡിജിറ്റൽ പാർട്ടിയുടെ സ്ഥാപകനായ അഭിജീത് ദിപ്കെയാണ് ഇക്കാര്യം അറിയിച്ചത്. പ്രതീക്ഷിച്ചതുപോലെ തന്നെ ഇന്ത്യയില്‍ അക്കൗണ്ട് മരവിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തില്‍ ബിജെപിയെ പിന്നിലാക്കി മണിക്കൂറുകള്‍ക്ക് ശേഷമാണ് അക്കൗണ്ട് പൂട്ടിയത്. 1.65 ലക്ഷത്തിലധികം ഫോളോവേഴ്സായിരുന്നു അക്കൗണ്ടിന് എക്സിൽ ഉണ്ടായിരുന്നത്. ‘CJP_2029’ എന്ന യൂസർനെയിമുള്ള ഈ അക്കൗണ്ടിൽ ‘Account Withheld’ (അക്കൗണ്ട് തടഞ്ഞുവെച്ചിരിക്കുന്നു) എന്നാണ് കാണിക്കുന്നുത്. ഇതിന് താഴെയായി “നിയമപരമായ ആവശ്യത്തെത്തുടർന്ന് @CJP_2029 ഇന്ത്യയിൽ തടഞ്ഞുവെച്ചിരിക്കുന്നു” എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
സുപ്രിംകോടതിയിലെ ഒരു വാദത്തിനിടെ തൊഴിലില്ലാത്ത യുവാക്കൾ ആർടിഐ പ്രവർത്തകരായി മാറി എല്ലാവരെയും ആക്രമിക്കുകയാണെന്നും അവർ ‘പാറ്റകളെപ്പോലെ’ ആണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. തന്റെ പ്രസ്താവന വ്യാജ ബിരുദമുള്ളവരെ ഉദ്ദേശിച്ചായിരുന്നു എന്ന് പിന്നീട് അദ്ദേഹം വിശദീകരിച്ചെങ്കിലും, ഇതിനോടുള്ള ഡിജിറ്റൽ പ്രതിഷേധമെന്നോണമാണ് മേയ് 16ന് കോക്രോച്ച് ജനതാ പാർട്ടിക്ക് തുടക്കമിട്ടത്.’മടിയന്മാരും, എപ്പോഴും ഓൺലൈനിൽ സമയം ചെലവഴിക്കുന്നവരും, തൊഴിലില്ലാത്തവരുമായ യുവാക്കൾക്ക് വേണ്ടിയുള്ള പാർട്ടി’ എന്ന ടാഗ്‌ലൈനോടെയാണ് സിജെപി രംഗത്തെത്തിയിരിക്കുന്നത്
തൊഴിലില്ലാത്ത യുവാക്കളെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ‘പാറ്റകളോട്’ (Cockroaches) ഉപമിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ ഒരുങ്ങിയ രാഷ്ട്രീയ പരിഹാസക്കൂട്ടായ്മയാണ് ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി). സിജെപിയുടെ ഇൻസ്റ്റാഗ്രാമാം ഫോളോവോഴ്സിൻ്റെ എണ്ണം ഇതുവരെ 13.2 മില്യൺ പിന്നിട്ടു. ഇതോടെ മെയ് 16ന് മാത്രം ആരംഭിച്ച പേജിൻ്റെ ഫോളോവോഴ്സിൻ്റെ എണ്ണം രാജ്യം ഭരിക്കുന്ന ബിജെപിയുടെ ഔദ്യോഗിക പേജിനെയും മറികടന്നിരുന്നു.മെയ് 21ലെ കണക്കനുസരിച്ച്, ബിജെപിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജായ @bjp4india-ക്ക് ഏകദേശം 8.7 ദശലക്ഷം (87 ലക്ഷം) ഫോളോവേഴ്സാണുള്ളത്. കോൺഗ്രസിൻ്റെ ഔദ്യോഗിക ഹാൻഡിലായ @incindia-ക്ക് ഏകദേശം 13.2 ദശലക്ഷം (1.32 കോടി) ഫോളോവേഴ്സാണുള്ളത്. ആം ആദ്മി പാർട്ടിയുടെ പേജിന് (@aamaadmiparty) ഏകദേശം 1.9 ദശലക്ഷം (19 ലക്ഷം) ഫോളോവേഴ്സാണുള്ളത്.
ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ പബ്ലിക് റിലേഷൻസ് വിദ്യാർഥിയായ 30കാരൻ അഭിജീത് ദിപ്കെയാണ് ഈ ഡിജിറ്റൽ പാർട്ടിയുടെ സ്ഥാപകൻ. 2020 മുതൽ 2023 വരെ ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള ആളാണ് അഭിജീത്. ചീഫ് ജസ്റ്റിസിന്റെ വിശദീകരണത്തെ തള്ളിയ അഭിജീത്, ഒരു പ്രധാനമന്ത്രിയോട് വിയോജിപ്പുകൾ ഉണ്ടാകാമെങ്കിലും പൗരന്മാരെ പരാദങ്ങളെന്ന് വിളിക്കാൻ ചീഫ് ജസ്റ്റിസിന് അവകാശമില്ലെന്ന് എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്ത്ര, കീർത്തി ആസാദ് എന്നിവരും പാർട്ടിയിൽ ‘അംഗത്വമെടുത്തിട്ടുണ്ട്’. ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും എന്നാൽ വ്യവസ്ഥിതിയിലെ പോരായ്മകളെ പരിഹാസത്തിലൂടെ ചോദ്യം ചെയ്യുമെന്നുമാണ് ഈ ഡിജിറ്റൽ കൂട്ടായ്മ പ്രഖ്യാപിക്കുന്നത്.
തീർത്തും ആക്ഷേപഹാസ്യ സ്വഭാവമുള്ളതാണെങ്കിലും പാർട്ടി മുന്നോട്ട് വെക്കുന്ന അഞ്ചിന മാനിഫെസ്റ്റോ (പ്രകടനപത്രിക) ഗൗരവമേറിയ ചില രാഷ്ട്രീയ ചർച്ചകൾക്കും വഴിതുറക്കുന്നുണ്ട്..വിരമിച്ച ശേഷം ഒരു ചീഫ് ജസ്റ്റിസിനും രാജ്യസഭാ സീറ്റ് പ്രതിഫലമായി നൽകരുത്..പാർലമെന്റിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തുക.പാർട്ടി മാറുന്ന എം.പിമാർക്കും എം.എൽ.എമാർക്കും 20 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തുക..വോട്ടർമാരുടെ പേര് അനധികൃതമായി വെട്ടിമാറ്റിയാൽ ചീഫ് ഇലക്ഷൻ കമ്മീഷണറെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യുക..അംബാനിയുടെയും അദാനിയുടെയും ഉടമസ്ഥതയിലുള്ള മാധ്യമങ്ങളുടെ ലൈസൻസ് റദ്ദാക്കുക.






