*കോഴിക്കോട് : 4 വർഷം മുൻപ് മുയ്തായ് ബോക്സിങ്ങിൽ സംസ്ഥാന ചാംപ്യനായിരുന്നു കെ.ഹൃഷികേശ്. തുടർന്ന് മിക്സഡ് മാർഷ്യൽ ആർട്സ് (എംഎംഎ) ദേശീയ ചാംപ്യനായി. 3 വർഷം മുൻപാണ് ഹൃഷികേശ് പ്രഫഷനൽ ബോക്സിങ് ചാംപ്യൻഷിപ്പുകൾ ലക്ഷ്യമിട്ട് കാനഡയിലേക്ക് പോയത്.യുറേനിയം എക്സ് ഡിസ്കവറി കോർപറേഷന്റെ സ്വതന്ത്ര കരാറുകാരനായിരുന്ന ഹൃഷികേശിന്റെ വിയോഗത്തിൽ കമ്പനിയും ദുഃഖം രേഖപ്പെടുത്തി. ഇത്രയും വേഗം ഹൃഷികേശ് പോയെന്നു വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് യുറേനിയം എക്സ് സിഇഒ എസെൻ ബോൾഡ്ഖു പറഞ്ഞു.
സെൻട്രൽ സസ്കാച്ചെവാനിലെ പര്യവേക്ഷണ സൈറ്റിൽ വച്ചാണു കരടിയുടെ ആക്രമണത്തിൽ മരിച്ചത്.പ്ലസ് ടു പഠന ശേഷമാണ് പ്രഫഷനൽ ഫൈറ്റിങ് മത്സരങ്ങൾക്കുള്ള പരിശീലനം തുടങ്ങിയത്. നടക്കാവ് വണ്ടിപ്പേട്ടയിൽ അക്കാലത്ത് പ്രവർത്തിച്ചിരുന്ന സ്വാസ്തിക് ഫൈറ്റ് ക്ലബ്ബിലാണു പരിശീലനത്തിനു ചേർന്നത്. രഞ്ജിത് സ്വാസ്തികായിരുന്നു പരിശീലകൻ. ‘ചാംപ്യൻഷിപ് നേടുന്നതിനേക്കാൾ റെക്കോർഡുകൾക്കാണ് എംഎംഎയിൽ പ്രാധാന്യം.
നമ്മുടെ നാട്ടിൽ അവൻ നടത്തുന്ന ശ്രമങ്ങളുടെ പത്തിലൊരംശം കാനഡയിൽ നടത്തിയാൽ ലോകമെങ്ങും ശ്രദ്ധിക്കപ്പെടും. അതുകൊണ്ടാണു അവനോടു കാനഡയിലേക്ക് പോകാൻ നിർദേശിച്ചത്. എല്ലാ ഞായറാഴ്ചയും രാവിലെ കൃത്യം പത്തുമണിക്ക് ഹൃഷികേശ് വിളിക്കും. ഒരു മാസമായി ആ കോൾ ഇല്ല’ രഞ്ജിത്ത് സ്വാസ്തിക് പറഞ്ഞു.ലോകമെങ്ങുമുള്ള പ്രഫഷനൽ ബോക്സർമാരുടെ അഭിമാന മത്സരമായ അൾട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യൻഷിപ്പിൽ (യുഎഫ്സി) പോരാടണമെന്നതായിരുന്നു ഹൃഷികേശിന്റെ സ്വപ്‌നം. ‘3 വർഷമായി കാനഡയിൽ അവൻ പരിശീലനം നടത്തി വരികയാണ്.
ഒട്ടേറെപ്പേർക്കു പരിശീലനം നൽകുന്നുമുണ്ടായിരുന്നു. ജൂണിൽ പരിശീലകനായി ജോലിക്കു കയറാനിരിക്കുകയായിരുന്നു. ഇതിനിടെ ചെറിയൊരു പരുക്കേറ്റതിനാൽ കുറച്ച് വിശ്രമം വേണ്ടിവന്നു. ഈ ഇടവേളയിലാണ് അവൻ കരാർ ജോലിക്കു കയറിയത്’ ഹൃഷികേശിന്റെ സഹോദരൻ അർജുൻ കൊലോത്ത് പറഞ്ഞു. ഹൃഷികേശിന്റെ സംസ്കാരം ഇന്ന് നടക്കും. മൃതദേഹം കാനഡയിൽ നിന്നു വിമാനമാർഗം പുലർച്ചെ നെടുമ്പാശേരിയിലെത്തിച്ചു. ഇന്ന് ഉച്ചയ്ക്കു ശേഷം മാവൂർ റോഡ് സ്മൃതിപഥം ശ്മശാനത്തിലാണു സംസ്കാരം.
മേയ് എട്ടിന് വടക്കൻ സസ്കാച്ചവനിലെ യുറേനിയം ഖനന മേഖലയിലാണു ഹൃഷികേശ് കൊല്ലപ്പെട്ടത്. വാൻകൂവർ ആസ്ഥാനമായുള്ള യുറേനിയം എക്സ് ഡിസ്കവറി കോർപറേഷനിൽ കരാർ അടിസ്ഥാനത്തിൽ ടെക്നിഷ്യനായി ജോലി ചെയ്യുകയായിരുന്നു. പ്രോജക്ട് സൈറ്റിൽ വച്ചായിരുന്നു കരിങ്കരടിയുടെ ആക്രമണം. മിക്സ്ഡ് മാർഷ്യൽ ആർട്സിൽ (എംഎംഎ) ദേശീയ മെഡൽ ജേതാവായ ഹൃഷികേശ് കോലോത്ത് മൂന്നു വർഷം മുൻപാണ് കാനഡയിലെത്തിയത്. മൂത്ത സഹോദരൻ കെ.അർജുനൊപ്പം ബ്രിട്ടിഷ് കൊളംബിയയിലെ പെന്റിങ്ടണിലായിരുന്നു താമസിച്ചിരുന്നത്.അവിടത്തെ സകോഡൻ മാർഷ്യൽ ആർട്സിൽ പരിശീലനം തുടരുകയായിരുന്നു. അൾട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യൻഷിപ്പിൽ (യുഎഫ്സി) പങ്കെടുക്കുകയായിരുന്നു ലക്ഷ്യം. ഈ മാസം വെസ്റ്റേൺ സർവകലാശാലയിൽ പഠനത്തിനു ചേരാനിരിക്കുകയായിരുന്നു.
ഇതിന്റെ ഇടവേളയിലാണു കരാർ ജോലിക്കു ചേർന്നത്. ജോലി സ്ഥലത്തേക്ക് ഹെലികോപ്റ്ററിലാണ് ഹൃഷികേശിനെയും സഹപ്രവർത്തകരെയും കമ്പനി എത്തിച്ചത്. അവിടെ നിന്ന് വനമേഖലയോടു ചേർന്നുള്ള സൈറ്റിലേക്കു പോകുന്നതിനിടെ കരടി ആക്രമിച്ചതായാണു വിവരം. കരടിയെ പിന്നീട് വെടിവച്ചു കൊന്നു. ആക്രമണത്തെക്കുറിച്ചും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ചും അന്വേഷണം നടന്നു വരികയാണ്. മാവൂർ റോഡ് ജംക്‌ഷനിൽ ഹൈസൺ ഹോട്ടലിനു പിൻവശം കോലോത്ത് വീട്ടിൽ കെ.രതീഷിന്റെയും (മൊമെന്റോ വേൾഡ്, മാവൂർ റോഡ്) പി. തുളസിയുടെയും മകനാണ്. സഹോദരങ്ങൾ: അർജുൻ, ശ്രീശങ്കർ.






