spot_img
Wednesday, June 10, 2026

ദേശീയപാതയിൽ വെള്ളക്കെട്ട് രൂക്ഷം: പടനിലം വളവ് അപകടക്കെണിയാകുന്നു.



കുന്നമംഗലം: കാലവർഷം ആരംഭിച്ചതോടെ ദേശീയപാതയിലെ (NH766) പടനിലം വളവിൽ രൂപപ്പെടുന്ന കടുത്ത വെള്ളക്കെട്ട് യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. ചെറിയൊരു മഴ പെയ്താൽ പോലും മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന വലിയ തോതിലുള്ള വെള്ളക്കെട്ടാണ് ഇവിടെ രൂപപ്പെടുന്നത്. ശക്തമായ മഴ പെയ്തു കഴിഞ്ഞാൽ റോഡിന്റെ പകുതി ഭാഗത്തോളമാണ് വെള്ളത്തിനടിയിലാകുന്നത്. വർഷങ്ങളായി തുടരുന്ന ഈ ദുരവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാൻ ദേശീയപാത അതോറിറ്റിയോ മറ്റ് ഉത്തരവാദപ്പെട്ട അധികാരികളോ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആക്ഷേപം. പടനിലത്തിന് പുറമേ പതിമംഗലം വളവിലും സമാനമായ രീതിയിൽ റോഡിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ട്.

പടനിലം വളവിന് സമീപം മുൻപുണ്ടായിരുന്ന പഴയ ഓവുചാൽ നിലവിൽ കാടുമൂടിയും മണ്ണുനിറഞ്ഞും പൂർണ്ണമായും അടഞ്ഞുകിടക്കുന്ന അവസ്ഥയിലാണ്. റോഡിലെ വെള്ളം കൃത്യമായി ഒഴുക്കിവിടാൻ മറ്റ് സംവിധാനങ്ങളില്ലാത്തതാണ് ചെറിയ മഴയിൽ പോലും ഇവിടെ വലിയ തോതിൽ വെള്ളം കെട്ടിക്കിടക്കാൻ കാരണം. പ്രധാനപ്പെട്ട ഒരു ദേശീയപാതയിലൂടെ അതിവേഗത്തിൽ വരുന്ന വാഹനങ്ങൾ ഈ വെള്ളക്കെട്ടിന് തൊട്ടടുത്തെത്തുമ്പോൾ പെട്ടെന്ന് ബ്രേക്ക് ഇട്ട് വേഗത കുറയ്ക്കുന്നത് ഇവിടെ വലിയ രീതിയിലുള്ള വാഹനാപകടങ്ങൾക്ക് വഴിതുറക്കുന്നുണ്ട്. വലിയ വണ്ടികൾ പെട്ടെന്ന് വേഗത കുറയ്ക്കുമ്പോൾ പുറകിൽ വരുന്ന ഇരുചക്രവാഹനങ്ങളോ മറ്റ് ചെറിയ വാഹനങ്ങളോ വന്നിടിച്ച് വൻ ദുരന്തങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇവിടെ വളരെ കൂടുതലാണ്.

​ഈ വെള്ളക്കെട്ട് കാരണം ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് ഇരുചക്രവാഹന യാത്രക്കാരും കാൽനടക്കാരുമാണ്. ദേശീയപാതയിലൂടെ വലിയ വാഹനങ്ങൾ വേഗതയിൽ കടന്നുപോകുമ്പോൾ, റോഡിലെ ചെളി കലർന്ന മലിനജലം ബൈക്ക് യാത്രക്കാരുടെ ശരീരത്തിലേക്ക് വൻതോതിൽ തെറിക്കുന്നത് ഇവിടെ നിത്യസംഭവമായി മാറിയിരിക്കുകയാണ്. പടനിലം വളവിലെ ഈ വെള്ളക്കെട്ടിൽ നിയന്ത്രണം വിട്ട് വീണ് പലപ്പോഴും ബൈക്ക് യാത്രക്കാർക്ക് പരിക്കേൽക്കുന്ന സാഹചര്യവുമുണ്ട്. ഒരു പ്രധാനപ്പെട്ട ദേശീയപാതയിൽ വിരലിലെണ്ണക്കാവുന്ന മിനിറ്റുകൾ മഴ പെയ്താൽ പോലും ഇത്തരമൊരു അപകടാവസ്ഥ ഉണ്ടാകുന്നത് അധികാരികളുടെ ഗുരുതരമായ വീഴ്ചയെയാണ് ചൂണ്ടിക്കാണിക്കുന്നത്.

വർഷങ്ങളായി തുടരുന്ന ഈ ജനദ്രോഹ നടപടിക്ക് അടിയന്തരമായി പരിഹാരം കാണണമെന്നാണ് പ്രാദേശിക ജനവിഭാഗത്തിന്റെ ആവശ്യം. കാടുമൂടിക്കിടക്കുന്ന ഓവുചാലുകൾ യുദ്ധകാലാടിസ്ഥാനത്തിൽ വൃത്തിയാക്കാനും, വെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള സൗകര്യം ഒരുക്കാനും അധികാരികൾ തയ്യാറാകണം. വലിയൊരു ദുരന്തം ഉണ്ടാകുന്നതിന് മുൻപ് ഉണർന്നു പ്രവർത്തിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles