spot_img
Thursday, June 11, 2026

സൗജന്യ യാത്ര ഈ ബസുകളിൽ; സ്പോൺസർ ചെയ്യാനും അവസരം; വികസന സമിതികൾ വരും.



തിരുവനന്തപുരം : കെഎസ്ആർടിസിയുടെ ലിമിറ്റഡ് സ്‌റ്റോപ്പ് ഓര്‍ഡിനറി ബസുകളിൽ സ്ത്രീകള്‍ക്കു സൗജന്യ യാത്ര ലഭ്യമാകുമെന്ന് ഗതാഗത മന്ത്രി സി.പി.ജോണ്‍. ഫാസ്റ്റ് മുതലുള്ള വിഭാഗത്തില്‍ സൗജന്യമുണ്ടാകില്ല. മലബാറില്‍ ഓര്‍ഡിനറി ബസുകള്‍ കുറവാണെന്ന പരാതി പരിഗണിക്കും. സൗജന്യയാത്ര സര്‍ക്കാര്‍ പദ്ധതിയാണ്. അതു കെഎസ്ആര്‍ടിസി വഴി നടപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു. 15ന് സെന്‍ട്രല്‍ യൂണിറ്റില്‍ മുഖ്യമന്ത്രി വി.ഡി.സതീശനാണ് സൗജന്യ യാത്രാ പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്.

സെന്‍ട്രല്‍ ബസ് ടെര്‍മിനലിനു മുന്നില്‍ വലിയ പന്തല്‍ ഉള്‍പ്പെടെ സജ്ജമാക്കി പരിപാടി ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാരും കെഎസ്ആര്‍ടിസിയും. ടൗണ്‍ ടു ടൗണ്‍ ബസുകളിലും സിറ്റി ഓര്‍ഡിനറികളിലും കൂടി സൗജന്യയാത്ര അനുവദിക്കുമെന്ന് കെഎസ്ആർടിസി അധികൃതര്‍ അറിയിച്ചു.ബസില്‍ കയറുന്ന സ്ത്രീകള്‍ക്കു സീറോ ടിക്കറ്റ് നല്‍കുമെന്നു മന്ത്രി പറഞ്ഞു. എത്ര സ്ത്രീകള്‍ കയറി എന്നതിനു കണക്ക് വേണ്ടതിനാലാണ് ഇത്. ടിക്കറ്റിനു 13 പൈസ ചെലവുണ്ട്.

ടിക്കറ്റിനു പുറത്ത് പരസ്യം ഉള്‍പ്പെടുത്തുന്ന കാര്യവും ആലോചനയിലുണ്ട്. ആശുപത്രികളുടെ മാതൃകയില്‍, പ്രാദേശിക തലത്തില്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി കെഎസ്ആര്‍ടിസി വികസന സമിതികൾ രൂപീകരിക്കുന്നതും ചര്‍ച്ചയിലുണ്ട്. തദ്ദേശഭരണസ്ഥാപനങ്ങളുടെ സഹകരണത്തിലുള്ള ഗ്രാമവണ്ടികളുടെ എണ്ണം വര്‍ധിപ്പിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബസുകള്‍ സ്‌പോണ്‍സര്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കും. കോവിഡ് കാലത്ത് നിന്നു പോയ ലാഭകരമായ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നതു പരിശോധിക്കാന്‍ എംഡിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ബസ് ഉടമകളുടെ ആശങ്ക ഗൗരവത്തോടെ കാണുന്നുവെന്നും അതു സംബന്ധിച്ചു ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.2024 ഒക്‌ടോബറിലെ കണക്കനുസരിച്ച് കെഎസ്ആര്‍ടിസിക്കും സ്വിഫ്റ്റിനുമായി സംസ്ഥാനത്ത് ആകെ 5523 ബസുകളാണുള്ളത്. കെഎസ്ആര്‍ടിസിയുടെ 5089 ബസുകളില്‍ 3239 എണ്ണം ഓര്‍ഡിനറിയാണ്. ഫാസ്റ്റ് പാസഞ്ചര്‍– 1150, സൂപ്പര്‍ ഫാസ്റ്റ് –349, സൂപ്പര്‍ എക്‌സ്പ്രസ്– 39, സൂപ്പര്‍ ഡീലക്‌സ്– 119, എസി –193 എന്നിങ്ങനെയാണ് ബസുകളുടെ എണ്ണം. ഇതില്‍ 1117 ബസുകള്‍ പതിനഞ്ചു വര്‍ഷം പിന്നിട്ടവയാണ്.

2025 മാര്‍ച്ചിലെ കണക്കനുസരിച്ച് തിരുവനന്തപുരത്ത് 920 ബസുകള്‍ 1186 സര്‍വീസുകളാണ് നടത്തുന്നത്. അതേസമയം കാസര്‍കോട്ട് 151 ബസുകള്‍ 136 സര്‍വീസുകളും മലപ്പുറത്ത് 154 ബസുകള്‍ 130 സർവീസുമാണ് നടത്തുന്നത്. 2024-25ല്‍ കെഎസ്ആര്‍ടിസിയുടെ വരുമാനം 2512 കോടി രൂപയാണ്. ചെലവ് 2756.20 കോടിയും. നിലവില്‍ 125 കോടി രൂപയാണ് സര്‍ക്കാര്‍ എല്ലാ മാസവും കെഎസ്ആര്‍ടിസിക്കു നല്‍കുന്നത്. സ്ത്രീസൗജന്യ യാത്ര നടപ്പാക്കാന്‍ 70 കോടി കൂടി സര്‍ക്കാര്‍ കൊടുക്കും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles