താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ഭാരവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രം നടപ്പായില്ല. ചുരത്തിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഈ നിയന്ത്രണം പാലിക്കാതെയാണ് പല ഭാരവാഹനങ്ങളും ചുരത്തിലൂടെ കടന്നുപോകുന്നത്. നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നതിൽ പോലീസിന്റെ ഭാഗത്ത് നിന്നും വലിയ വീഴ്ചയാണ് ഉണ്ടാകുന്നത്. ഭാരവാഹനങ്ങൾ സമയക്രമം പാലിക്കാതെ ഏതുസമയത്തും ചുരത്തിലൂടെ പായുന്നത് ഗതാഗത കുരുക്കിന് കാരണമായിത്തീരുന്നു.വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വന്ന മൾട്ടി ആക്സിൽ ലോറി നവീകരണ പ്രവൃത്തി നടക്കുന്ന 6ാം വളവിൽ കുടുങ്ങിയിരുന്നു ഇതോടെ അരമണിക്കൂറോളമാണ് ഗതാഗതം സ്തംഭിച്ചത്.
സ്ഥലത്ത് പോലീസ് ഇല്ലാതിരുന്നതിനാൽ വാഹനങ്ങളിൽ നിന്നും ആളുകൾ തന്നെ പുറത്തിറങ്ങിയാണ് ഗതാഗതം നിയന്ത്രിച്ചത്. അടിവാരത്തും ലക്കിടിയിലും പോലീസ് പരിശോധന ഇല്ലാത്തതുമൂലമാണ് ഇത്തരത്തിൽ ഭാരവാഹനങ്ങൾ ചുരത്തിൽ സമയക്രമം പാലിക്കാതെ കയറിയിറങ്ങുന്നത്.രാവിലെ ആറുമണി മുതൽ രാത്രി എട്ടുമണി വരെ രണ്ട് ആക്‌സിലിൽ കൂടുതലുള്ള ട്രക്കുകൾ, ലോറികൾ, ടാങ്കറുകൾ, ട്രെയിലറുകൾ, കണ്ടെയ്നർ വാഹനങ്ങൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് ദേശീയപാത 766-ലെ താമരശ്ശേരി ചുരത്തിലൂടെ യാത്രാനുമതി ഉണ്ടായിരിക്കില്ല എന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ എം.എസ്. മാധവിക്കുട്ടി ഉത്തരവിറക്കിയിരുന്നു.
കാലവർഷം അവസാനിക്കുന്നതുവരെയോ പുതിയ ഉത്തരവ് ഉണ്ടാകുന്നതുവരെയോ നിയന്ത്രണം തുടരുമെന്ന് അധികൃതർ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ പോലീസിന്റെ അനാസ്ഥ മൂലം ഈ നിയന്ത്രണം നടപ്പിലാക്കാതെ പോകുകയാണ്. നവീകരണ പ്രവൃത്തിയുടെ ഭാഗമായി 6ാം വളവിൽ മണ്ണു കല്ലും ഇടിച്ചിട്ടതിനെ തുടർന്ന് കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രമാണ് ഇപ്പോൾ വളവിലൂടെ പോകാൻ കഴിയുന്നത്. അവിടെ മൾട്ടി ആക്സിൽ വാഹനങ്ങൾ വളവുതിരിഞ്ഞു പോകുന്നത് ഏറെ പ്രയാസമാണ്. വിലക്കേർപ്പെടുത്തിയ വാഹനങ്ങൾ ത്രി കൂട്ടത്തോടെ കടത്തിവിടുന്നതും ചുരത്തിൽ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്.നവീകരണ പ്രവൃത്തി കഴിയും വരെ ദിവസം മുഴുവൻ ചുരത്തിൽ പോലീസ് സാന്നിധ്യം ഉറപ്പാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.






