spot_img
Saturday, June 13, 2026

നിപയുടെ ഉറവിടം എവിടെ നിന്ന്? പരിശോധന ഊർജ്ജിതം.



കോഴിക്കോട് : ജില്ലയിൽ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഉറവിടം കണ്ടെത്താൻ തീവ്ര ശ്രമം. രോഗി താമസിച്ചിരുന്ന രാമനാട്ടുകര മേലേവാരം അഞ്ചാം ഡിവിഷനിൽ ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിപ വ്യാപനം തടയാൻ സ്റ്റാൻഡേർഡ് പ്രോട്ടോക്കോളുകൾ അനുസരിച്ചാണ് നടപടികൾ ഏകോപിപ്പിക്കുന്നത്. രാമനാട്ടുകാര നഗരസഭയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ രോഗവ്യാപന സാദ്ധ്യതകളും പ്രതിരോധ നടപടികളും ചർച്ച ചെയ്തു. പ്രദേശത്തെ വീടുകളിൽ സർവേ നടത്തി.

സമീപവാസികളിൽ പനി, ശ്വാസതടസം ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ പ്രകടമാണോയെന്ന് കണ്ടെത്തുന്നതിനായിരുന്നു സർവേ. രാമനാട്ടുകര മെഡിക്കൽ ഓഫീസർ ഡോ. രജുൽ കോയദീന്റെ നേതൃത്വത്തിൽ ആശാ പ്രവർത്തകരും ആരോഗ്യ പ്രവർത്തകരും ചേർന്നാണ് സർവേ നടത്തിയത്.ഡോ. ഷറഫുദ്ദീന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പ് പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. വീട്ടുവളപ്പിലെ സപ്പോട്ട പഴം പറിച്ചു കഴിച്ചതിനാൽ അതുവഴിയാകാം വൈറസ് ബാധിച്ചതെന്ന പ്രചരണമുണ്ടായിരുന്നു. ജനവാസ മേഖലയായതിനാൽ മറ്റ് മൃഗങ്ങളുടെ സാന്നിദ്ധ്യമില്ല.

ഒരു വീട്ടിൽ വളർത്തുനായ മാത്രമാണ് ഉണ്ടായിരുന്നതെന്നും നായയിൽ നിന്ന് രോഗം പകരാനുള്ള സാദ്ധ്യത കുറവാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. രോഗബാധയുടെ ഉറവിടം രോഗി ജോലി ചെയ്തിരുന്ന മലപ്പുറം ജില്ലയിലെ വാഴൂർ പഞ്ചായത്തിലെ ഗോഡൗണുമായി ബന്ധപ്പെട്ടിരിക്കാമെന്ന പ്രാഥമിക നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. ഗോഡൗൺ പരിസരത്ത് ആരോഗ്യ വകുപ്പ് പരിശോധന നടത്തി. രാമനാട്ടുകരയിലെ മറ്റ് പ്രദേശങ്ങളിലും നിരീക്ഷണം തുടരുകയാണ്. ആരോഗ്യ വകുപ്പ് അസി. ഡയറക്ടർ ഡോ. നവ്യ, മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ വിദഗ്ധർ, രാമനാട്ടുകര മെഡിക്കൽ ഓഫീസർ ഡോ. രജുൽ കോയദീൻ തുടങ്ങിയവർ ഇന്നലെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ വൈറസ് ബാധയെക്കുറിച്ച് പഠിക്കുന്നതിനും സാംപിളുകൾ ശേഖരിക്കുന്നതിനുമായി ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) സംഘം ഇന്നെത്തിയേക്കും.നിപ സമ്പർക്കപടികയിൽ 10 പേർ കൂടി. ഇതോടെ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിൽ നാലു പേരും ഹൈ റിസ്‌കിൽ 16 പേരും ലോ റിസ്‌കിൽ 67 പേരും ഉൾപ്പെടെ നിലവിൽ 87 പേരാണ് പട്ടികയിലുള്ളത്. സമ്പർക്ക പട്ടികയിലുള്ളവരിൽ നിന്ന് ദിവസം രണ്ടുനേരം കൺട്രോൾ റൂമിൽ നിന്ന് വിളിച്ച് വിവരം ശേഖരിക്കുന്നുണ്ട്.

നാഷണൽ ഡിസീസ് കൺട്രോൾ സെന്ററിൽ (എൻ.സി.ഡി.സി) നിന്നുള്ള വിദഗ്ദ്ധർ ഇന്ന് ജില്ല സന്ദർശിക്കും.നിപ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രാമനാട്ടുകര മുനിസിപ്പാലിറ്റി അടിയന്തര കൗൺസിൽ യോഗം ചേർന്ന് നിലവിലെ സാഹചര്യം വിലയിരുത്തി. മുൻകരുതലുകളെ കുറിച്ചും വ്യാപനം തടയുന്നതിനെക്കുറിച്ചും ജില്ല ആർ സി എച്ച് ഓഫീസർ ഡോ. നവ്യ തൈക്കാട്ടിൽ സംസാരിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles