താമരശ്ശേരി: ടൈൽസ് മുറിക്കുന്നതിനിടെ മെഷീൻ നിയന്ത്രണം വിട്ട് തെന്നി ഇരുകാലുകൾക്കും സാരമായി മുറിവേറ്റ തൊഴിലാളി മരിച്ചു. കോരങ്ങാട് സ്വദേശി രാജൻ (52) ആണ് മരിച്ചത്.കോരങ്ങാട് അങ്ങാടിയിലെ ഒരു സലൂണിൽ ജോലി ചെയ്യുന്നതിനിടെ ഇന്നലെ വൈകീട്ട് 6.45-ഓടെയായിരുന്നു ദാരുണമായ അപകടം. ടൈൽ കട്ടിങ് മെഷീൻ ഉപയോഗിച്ച് ജോലി ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി മെഷീൻ നിയന്ത്രണം വിടുകയായിരുന്നു.അപകടത്തിൽപ്പെട്ട ഉടൻ തന്നെ രാജനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങി.






