കോഴിക്കോട്: വിവാദ യൂട്യൂബർ തൊപ്പി എന്ന നിഹാദിനും സുഹൃത്തുക്കള്‍ക്കുമെതിരെ അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു.അഡ്വ. ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിജിപി റവാഡ ചന്ദ്രശേഖറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.സൈബർ പോലീസ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണത്തിന്റെ ചുമതല. പോക്സോ കേസുകള്‍, നർകോട്ടിക് എംഡിഎംഎ ഉപയോഗം, മാനസിക, ശാരീരിക പീഡനങ്ങള്‍, അശ്ലീല പ്രചരണം, ഗുരുതരമായ സൈബർ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ അതീവ ഗൗരവമുള്ള ആരോപണങ്ങളിലാണ് തൊപ്പി ഗ്യാങ്ങിനെതിരെ ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
തൊപ്പിയും സംഘവും നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയ വിവരവും തുടർന്നുണ്ടായ പോലീസ് നടപടിയും അഡ്വ. ശ്രീജിത്ത് പെരുമന തന്നെയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പരസ്യപ്പെടുത്തിയത്. കുട്ടികളെയും യുവാക്കളെയും വഴിതെറ്റിക്കുന്ന രീതിയിലുള്ള ഉള്ളടക്കങ്ങള്‍ക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.






