spot_img
Saturday, June 13, 2026

ഭീകര സ്വപ്നം പോലെ കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ്; കയറി നിൽക്കാനും ഇപ്പോൾ പേടിക്കണം.



കോഴിക്കോട് : ബലക്ഷയമുണ്ടെന്ന ഗൗരവമേറിയ പഠന റിപ്പോർട്ട് ഒരു വശത്ത്… അറ്റകുറ്റപ്പണി ആരു നടത്തുമെന്ന തർക്കം മറുവശത്ത്…. സർക്കാരും കെടിഡിഎഫ്സിയും പാട്ടക്കരാർ എടുത്ത അലിഫ് ബിൽഡേഴ്സും നിയമയുദ്ധവും പരസ്പരമുള്ള ആരോപണങ്ങളും തുടരുമ്പോൾ, നഗരഹൃദയത്തിൽ നോക്കുകുത്തിയായി മാറിയ കെഎസ്ആർടിസി ടെർമിനൽ യാത്രക്കാർക്കും ഭീഷണിയായി തുടങ്ങുന്നു. കാത്തിരിപ്പു േകന്ദ്രത്തിന്റെ മേൽക്കൂരയിലെ ജിപ്സം ബോർഡും അലുമിനിയം പാനലുകളുമാണ് വെള്ളത്തിൽ കുതിർന്നു പൊളിഞ്ഞു വീണത്.

മൂന്നു യാത്രക്കാർക്ക് നേരിയ പരുക്കുകൾ മാത്രമേ സംഭവിച്ചുള്ളൂ എന്ന ആശ്വാസത്തിനിടയിലും ഒന്നും രണ്ടും നിലകളിൽ വെള്ളം കെട്ടിക്കിടക്കുന്ന കാഴ്ച ആശങ്ക ഉണർത്തുന്നു. കെട്ടിടത്തിന് ഉൾവശം ഈ രീതിയിൽ നനഞ്ഞു കുതിർന്നു കിടക്കുന്നത് കൂടുതൽ ബലക്ഷയത്തിനു കാരണമായേക്കാം എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കെടിഡിഎഫ്സി 75 കോടി രൂപ മുടക്കി നിർമിച്ച ടെർമിനൽ 2015ൽ ആണ് ഉദ്ഘാടനം ചെയ്തത്. പടുകൂറ്റൻ കെട്ടിടം കോടികൾ മുടക്കി നിർമിച്ചെങ്കിലും കാര്യമായ ഒരു വരുമാനവും കെടിഡിഎഫ്സിക്ക് ഇതു വരെ ഉണ്ടായിട്ടില്ല. 32.70 കോടി രൂപ അറ്റകുറ്റപ്പണിക്കു വേണ്ടി വരുമെന്ന് ആദ്യ പഠനം നടത്തിയ ചെന്നൈ ഐഐടി കണ്ടെത്തിയിരുന്നു. രണ്ടാം പഠനം നടത്തിയ ബാർട്ടൺഹിൽ എൻജിനീയറിങ് കോളജ് വിദഗ്ധർ 6.03 കോടി രൂപ മതിയെന്ന കണ്ടെത്തലും നടത്തി.

രണ്ടു പഠന റിപ്പോർട്ടുകളിലും അറ്റകുറ്റപ്പണികൾ അടിയന്തരമായി ചെയ്യേണ്ടി വരും എന്നു വ്യക്തമാക്കുന്നുണ്ടെങ്കിലും ആരു ചെയ്യും എന്ന തർക്കമാണ് ഇപ്പോൾ നിലനിൽക്കുന്നത്.കെടിഡിഎഫ്സി ചെയ്യണം എന്നായിരുന്നു കരാർ എടുത്ത അലിഫ് ബിൽഡേഴ്സിന്റെ ആദ്യ നിലപാട്. എന്നാൽ, കെട്ടിടത്തിന്റെ നിലവാരം പരിശോധിക്കേണ്ടത് കരാർ എടുക്കുന്നയാളിന്റെ ഉത്തരവാദിത്തമാണെന്നും കരാർ ഒപ്പിട്ട ശേഷം അത് കെടിഡിഎഫ്സിയുടെ തലയിൽ കെട്ടിവയ്ക്കാൻ സാധിക്കില്ലെന്നും സർക്കാർ നിലപാടെടുത്തു.

ഏറ്റവും ഒടുവിൽ നിർമാണം തീരും വരെയുള്ള വാടക ഒഴിവാക്കിത്തന്നാൽ അറ്റകുറ്റപ്പണി തങ്ങൾ തന്നെ ചെയ്തോളാം എന്ന നിലപാടിലാണ് അലിഫ് ബിൽഡേഴ്സ്. എന്നാൽ ഇതും സർക്കാർ അംഗീകരിക്കുമോ എന്നു വ്യക്തമല്ല. അറ്റകുറ്റപ്പണി കാലങ്ങളോളം നീട്ടിക്കൊണ്ടു പോയാൽ ആ പേരിൽ വാടക ഒഴിവാക്കിയെടുക്കാൻ അലിഫിനു കഴിയുമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ തർ‍ക്കം അനിശ്ചിതമായി നീളുന്നതിനിടയിലാണ് കെട്ടിടത്തിന്റെ മേൽക്കൂരയിലെ ചില ഭാഗങ്ങൾ അടർന്നു വീഴാൻ തുടങ്ങുന്നത്. ബസുകൾ കയറ്റിയിടാൻ സാധിക്കാത്ത ബസ് സ്റ്റാൻഡ്’ എന്ന ചീത്തപ്പേര് ആദ്യം മുതലേ ഉള്ള ടെർമിനൽ കെട്ടിടമാണ് കോഴിക്കോട്ടേത്. തൂണുകൾക്ക് ഇടയിലൂടെ ബസ് ട്രാക്കിലേക്ക് കയറ്റാനും പുറത്തേക്ക് ഇറക്കാനും ഡ്രൈവർമാർ കഠിനാധ്വാനം ചെയ്യണം.

ലോ ഫ്ലോർ ബസിന്റെ അടിഭാഗം ഉരയാതെ റോഡിലേക്ക് ഇറക്കാനും സാധിക്കില്ല. മാസം 43.20 ലക്ഷം രൂപയാണ് അലിഫ് ബിൽഡേഴ്സ് കെടിഡിഎഫ്സിക്ക് വാടകയായി നൽകേണ്ടത്. 2021 ഒക്ടോബറിൽ കരാർ ഒപ്പിട്ട ശേഷം, ബലക്ഷയ റിപ്പോർട്ട് ചൂണ്ടിക്കാട്ടി നയാ പൈസ നൽകിയിട്ടില്ല. ടെർമിനലിന്റെ ഭൂഗർഭ ഭാഗത്തെ പാർക്കിങ് സ്ഥലം വാടകയ്ക്ക് നൽകിയും ശുചിമുറി ഫീസ് പിരിച്ചും ഓഫിസ് പ്രവർത്തിപ്പിച്ചും മാസം 15 ലക്ഷം രൂപയെങ്കിലും അലിഫ് ബിൽഡേഴ്സ് നേടുന്നുമുണ്ട്. അലിഫ് ബിൽഡേഴ്സ് കെട്ടിവച്ചിരിക്കുന്ന 17 കോടി രൂപയിൽ ഭൂരിഭാഗവും അവർ വസൂലാക്കിയിട്ടുണ്ടെന്നാണ് കെടി‍‍ഡിഎഫ്സി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്.

കെഎസ്ആർടിസി ടെർമിനലിൽ സീലിങ് വീണു രണ്ട് പേർക്ക് പരുക്ക്കോഴിക്കോട് ∙ മാവൂർ റോഡ് കെഎസ്ആർടിസി ബസ് ടെർമിനലിൽ സീലിങ് അടർന്നു വീണ് 2 യാത്രക്കാർക്കു പരുക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ ഉണ്ടായ അപകടത്തിൽ ആലപ്പുഴ കായംകുളം കിരിക്കാടി കിഴക്കേലമൂട് വീട്ടിൽ മധു (58), വയനാട് മാനന്തവാടി ചെറുപുഴ കോക്കണ്ടത്തിൽ അജിത്ത് (24) എന്നിവർക്കാണു പരുക്കേറ്റത്. ഗ്രൗണ്ട് ഫ്ലോറിൽ 13 –ാം തൂണിനു സമീപം യാത്രക്കാരുടെ കാത്തിരിപ്പു സ്ഥലത്തിനു മുകളിലെ ജിപ്സം ബോർഡ് സീലിങ് മഴയിൽ കുതിർന്ന് അടർന്നു വീഴുകയായിരുന്നു. ഇവരുടെ തലയിൽ ചെറിയ മുറിവു പറ്റി. യാത്രക്കാർ കുറവായതിനാൽ വലിയ അപകടം ഒഴിവായി. നേരെ മുകളിൽ ഭക്ഷണശാലകളും മറ്റും പ്രവർത്തിക്കുന്ന ഒന്നാം നിലയിലും സീലിങ് അടർന്നുവീണിരുന്നു. ‌കെഎസ്ആർടിസി ടെർമിനൽ കെട്ടിടത്തിനു ബലക്ഷയം ഉണ്ടെന്നു നേരത്തെ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.നിർമാണം മുതൽ അപാകത ടെർമിനലിനെന്നും ശനിദശകോഴിക്കോട് ∙

നിർമാണത്തിലും രൂപകൽപനയിലും ഒട്ടേറെ അപാകതകൾ കൊണ്ടു കുപ്രസിദ്ധമായ കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ മഴക്കാലമായതോടെ ദുരിതവും അപകടസാധ്യതയും വർധിച്ചു. മുകൾത്തട്ടു മുതൽ അടിത്തട്ടിലെ പാർക്കിങ് സ്ഥലംവരെ വെള്ളക്കെട്ടാണ്. മേൽക്കൂരയിൽ നിന്നു മഴവെള്ളം ഒഴുകാനുള്ള മാർഗം തടസ്സപ്പെട്ടിരിക്കുകയാണ്. അതിന്റെ ഫലമായാണു രണ്ടാം നിലയിലെ വെള്ളക്കെട്ടും മറ്റു നിലകളിലെ ചോർച്ചയും ഉണ്ടായത്. ഭക്ഷണശാലകൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന ഒന്നാംനിലയിൽ എപ്പോഴും വെള്ളമുണ്ട്. അവിടെ ആളുകൾ വഴുതി വീണു ഗുരുതരപരുക്കേൽക്കാനുള്ള സാധ്യത ഏറെയാണ്. ഇപ്പോൾ മുന്നറിയിപ്പു ബോർഡ് വച്ചിട്ടുണ്ട്. താഴെത്തട്ടിലെ പാർക്കിങ് സ്ഥലത്തേക്കു പുറത്തുനിന്നുള്ള വെള്ളവും ഒഴുകിയെത്തുന്നു. മഴ പെയ്യുമ്പോൾ വാഹനം ഇറങ്ങുന്ന വഴിയിലൂടെ വെള്ളം അകത്തെത്തും.

കൂടാതെ ചില തൂണുകളിലൂടെ മുകൾഭാഗത്തു നിന്നു ചെറിയ തോതിൽ വെള്ളം ഒഴുകുന്നു. വലിയ മഴ പെയ്താൽ ബൈക്ക് നിർത്തി പുറത്തേക്കു നടക്കാൻ പ്രയാസമാകും വിധം വെള്ളക്കെട്ടുണ്ടാകും. അപകടസാധ്യതയും ഏറെയാണ്.കെഎസ്ആർടിസി ടെർമിനലിൽ ബസ് കാത്തിരുന്ന വയനാട് മാനന്തവാടി ചെറുപുഴ കോക്കണ്ടത്തിൽ ഹൗസിൽ അജിത്ത് ചെറിയ ഉറക്കത്തിലേക്കു വഴുതിയപ്പോഴാണ് എന്തോ തലയിലും ദേഹത്തുമെല്ലാം പതിച്ചത്. എന്താണ് സംഭവിച്ചതെന്നു മനസ്സിലായില്ല. സമീപത്തിരുന്നവർ എഴുന്നേറ്റ് ഓടി, അതിനിടയിൽ ചിലർ മൊബൈൽ ഫോൺ ക്യാമറയിൽ ചിത്രീകരണം നടത്തുന്നു.

തൊട്ടടുത്ത് ഉണ്ടായിരുന്ന ആലപ്പുഴ കായംകുളം കിരിക്കാടി കിഴക്കേലമൂട് വീട്ടിൽ മധു തലയിൽ കൈവച്ചു നിൽക്കുന്നു. പരിസരബോധം വീണ്ടെടുത്തപ്പോൾ മനസ്സിലായി ഇരിപ്പിടത്തിനു മുകളിലെ സീലിങ് അടർന്ന തലയിൽ വീണതാണെന്ന്. ചെറിയ പരുക്ക് മാത്രമായതിനാൽ കോഴിക്കോട്ട് ആശുപത്രിയിലൊന്നും പോകാതെ നാട്ടിലേക്കു തിരിച്ചതായി അജിത്ത് പറഞ്ഞു.‘സമഗ്രമായ അന്വേഷണം നടത്തണം’കോഴിക്കോട്∙ കെഎസ്ആർടിസി ടെർമിനൽ നിർമാണത്തിലെ അപാകത സംബന്ധിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നു കെ.ജയന്ത് എംഎൽഎ. അപകടം നടന്ന ടെർമിനൽ കെട്ടിടം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. കാര്യങ്ങൾ വകുപ്പു മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും.

ദിവസവും ഒട്ടേറെ ആളുകൾ എത്തുന്ന സ്ഥലമാണ് കെഎസ്ആർടിസി ടെർമിനൽ. അതിനാൽ തന്നെ സുരക്ഷയ്ക്കു പ്രാധാന്യം നൽകേണ്ടതുണ്ട്. അറ്റകുറ്റപ്പണി കൊണ്ടു പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് അഭിപ്രായമില്ല. കെട്ടിടത്തിന്റെ ഘടനയിൽ തന്നെ പ്രശ്നമുണ്ട്. ബലക്ഷയം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനാൽ അടിത്തറ തന്നെ മാറ്റി നിർമാണം നടത്തേണ്ടി വരും. ഇപ്പോൾ പരുക്കു പറ്റിയവർക്കു ചികിത്സയും മറ്റു ചെലവുകളും നൽകണമെന്നും എംഎൽഎ പറഞ്ഞു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles