സാൻഫ്രാൻസിസ്‌കോ : സാൻഫ്രാൻസിസ്‌കോ ബേ ഏരിയ സ്റ്റേഡിയത്തിൽ ഏകപക്ഷീയമെന്ന് തോന്നിച്ച മത്സരത്തിനൊടുവിൽ കരുത്തരായ സ്വിറ്റ്‌സർലൻഡിനെ സമനിലയിൽ (1-1) തളച്ച് ഖത്തർ. കളിയവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ ഇൻജുറി ടൈമിലായിരുന്നു ഖത്തറിന്റെ സമനില ഗോൾ. ഹൊമാം എൽ അമിന്റെ ക്രോസിൽ നിന്ന് ബൊലം ഖോഖിയുടെ ബുള്ളറ്റ് ഹെഡ്ഡർ വലയിൽ കയറുമ്പോൾ സംഭവിച്ചതെന്തെന്നറിയാതെ നിൽക്കുകയായിരുന്നു സ്വിസ്സ് താരങ്ങൾ.
സ്വിറ്റ്‌സർലൻഡ് – ഖത്തർ മത്സരം അക്ഷരാർഥത്തിൽ സ്വിറ്റ്‌സർലൻഡ് താരങ്ങളും ഖത്തർ ഗോൾകീപ്പർ മഹ്‌മൂദ് അബുനാഡയും തമ്മിലായിരുന്നു. സംശയനിഴലിലായ ഒരു പെനാൽറ്റി കിക്കിലൂടെയാണ് അബുനാഡയെ മറികടന്ന് സ്വിറ്റ്‌സർലൻഡ് ഒരു ഗോളിന് മുന്നിലെത്തുന്നത്. ഗ്രൂപ്പ് ബിയിൽ നടന്ന സ്വിറ്റ്‌സർലൻഡ് – ഖത്തർ മത്സരത്തിൽ ശരിക്കും ഗോൾകീപ്പർ മഹ്‌മൂദ് അബുനാഡ ഒറ്റയ്‌ക്കൊരു ടീമായി മാറുകയായിരുന്നു.
17-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രീൽ എംബോളോയാണ് സ്വിറ്റ്‌സർലൻഡിന്റെ ഗോൾ നേടിയത്. ഇൻജുറി ടൈമിന്റെ നാലാം മിനിറ്റിൽ നേടിയ ഹെഡറിലൂടെ ബൊലം ഖോഖി ഖത്തറിന് ഒരു പോയന്റ് നേടിക്കൊടുക്കുകയായിരുന്നു.സ്റ്റാർട്ടിങ് വിസിലിന്റെ മൂളക്കം കേട്ട് അധികം കഴിയുംമുമ്പേ മത്സരത്തിന്റെ ഗതി വ്യക്തമായിരുന്നു. ഖത്തറിന് ഒരു പ്രതിരോധനിരയുണ്ടോ എന്ന സംശയം തോന്നുന്ന തരത്തിലായിരുന്നു സ്വിസ്സ് ടീമിന്റെ ആക്രമണങ്ങൾ. പ്രതിരോധത്തിന്റെ പ്രാഥമിക പാഠങ്ങളിലൊന്നായ ഓഫ്‌സൈഡ് കെണിയൊരുക്കാൻ പോലും സാധിക്കാതെ ഖത്തർ പ്രതിരോധം മൈതാനത്ത് അലഞ്ഞുതിരിയുന്ന കാഴ്ചയായിരുന്നു 90 മിനിറ്റും. അവിടെയാണ് അബുനാഡയെന്ന 26-കാരൻ ഗോൾകീപ്പർ തന്റെ പല്ലും നഖവും പോലും പൊരുതിയത്.
അദ്യ പകുതിയിൽ അഞ്ചു ഗോളുകളെങ്കിലും അടിച്ചുകൂട്ടുമായിരുന്ന സ്വിറ്റ്‌സർലൻഡിനെ അതിൽ നിന്ന് തടഞ്ഞത് അബുനാഡ ഒറ്റയ്ക്കായിരുന്നു. ആദ്യ പകുതിയിൽ മാത്രം 15 ഷോട്ടുകളാണ് സ്വിസ്സ് ടീം പോസ്റ്റ് കണക്കാക്കി അടിച്ചത്.രണ്ടാം മിനിറ്റിലും 43-ാം മിനിറ്റിലും എഡ്മിൽസൺ ജൂനിയറിന്റെ രണ്ടു ഷോട്ടുകൾ മാത്രമായിരുന്നു ആദ്യ പകുതിയിൽ ഖത്തറിന് ഓർക്കാനുണ്ടായിരുന്നത്. അവിടെയാകട്ടെ സ്വിസ്സ് ഗോൾകീപ്പർ ഗ്രെഗോർ കോബെൽ കൃത്യസമയത്ത് രക്ഷയ്‌ക്കെത്തി.അഞ്ചാം മിനിറ്റിൽ തന്നെ ഖത്തർ ബോക്‌സിലേക്ക് സ്വിസ്സ് ആക്രമണമെത്തി.
ഇത്തവണ ഡാൻ എൻഡോയെയുടെ ഷോട്ട് അബുനാഡ തടുത്തിട്ടു. പിന്നാലെ 12-ാം മിനിറ്റിൽ റൂബൻ വാർഗാസിന്റെ ക്രോസിൽ നിന്നുള്ള മാനുവൽ അകാൻജിയുടെ ഇടംകാലനടിയിലും അബുനാഡ ഉറച്ചുനിന്നു.പിന്നാലെയായിരുന്നു വിവാദമായ ഫൗളും തുടർന്നുള്ള പെനാൽറ്റിയും. 13-ാം മിനിറ്റിൽ സ്വിസ്സ് താരം റെമോ ഫ്രുലെറിന്റെ ഗോൾശ്രമം തടയാനുള്ള ശ്രമത്തിനിടെ അബുനാഡയ്ക്ക് പിഴച്ചു. ഫ്രുലെർ ബോക്‌സിൽ വീണു. റഫറി പെനാൽറ്റി സ്‌പോട്ടിലേക്ക് വിരൽ ചൂണ്ടി. എന്നാൽ പന്ത് ബോക്‌സിലേക്കെത്തുമ്പോൾ സ്വിസ്സ് താരം ഓഫ്‌സൈഡായിരുന്നോ എന്ന സംശയം ഉയർന്നിരുന്നു.
വാർ പരിശോധിച്ചെങ്കിലും റീപ്ലേകൾ കാണിക്കാതിരുന്നത് എന്തെന്ന കാര്യം പിന്നീട് ചർച്ചയായി. കമന്റേറ്റർമാരടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ടായിരുന്നു. ഫൗളിന് അബുനാഡയ്ക്ക് മഞ്ഞക്കാർഡും ലഭിച്ചു. എന്നിരുന്നാലും 17-ാം മിനിറ്റിൽ കിക്കെടുത്ത ബ്രീൽ എംബോളോ അനായാസം പന്ത് വലയിലാക്കി സ്വിറ്റ്‌സർലൻഡിനെ മുന്നിലെത്തിച്ചു. സ്വിസ്സ് ടീമിനായി താരത്തിന്റെ 24-ാം ഗോളായിരുന്നു ഇത്.ഇതിനു ശേഷവും അബുനാഡ സേവുകൾ തുടർന്നു.
21-ാം മിനിറ്റിൽ ഡെനിസ് സകാരിയയുടെ വലംകാലനടിയും ആദ്യ പകുതിയുടെ ഇൻജുറി ടൈമിലെ ഡാൻ എൻഡോയെയുടെയും റൂബൻ വാർഗാസിന്റെയും ഷോട്ടുകൾ അബുനാഡ രക്ഷിച്ചെടുത്തു.ഒടുവിൽ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കേ സർവ ശക്തിയുമെടുത്ത് പൊരുതിയ ഖത്തർ സമനില ഗോൾ കണ്ടെത്തുകയായിരുന്നു. മഹ്‌മൂദ് അബുനാഡയോട് അവർക്ക് ഇങ്ങനെയല്ലാതെ എങ്ങനെയാണ് നീതി കാണിക്കാനാകുക.
അതേസമയം മലയാളികൾ കാത്തിരുന്ന തലശ്ശേരിക്കാരൻ തഹ്സിൻ മുഹമ്മദ് ജംഷീദിന് ലോകകപ്പ് വേദിയിൽ കളത്തിലിറങ്ങാനായില്ല. മത്സരത്തിൽ പകരക്കാരുടെ പട്ടികയിൽ തഹ്‌സിന്റെ പേരുണ്ടായിരുന്നെങ്കിലും ഖത്തറിനായി കോച്ച് ജുലെൻ ലോപ്‌റ്റേഗി, അഹമ്മദ് അലാദിൻ, ഹസൻ അൽ ഹൈദോസ്, കരീം ബോദിയാഫ്, അഹമ്മദ് ഫാത്തി, മുഹമ്മദ് മനായ് എന്നിവരെയാണ് പകരക്കാരായി കളത്തിലിറക്കിയത്.






