spot_img
Monday, June 15, 2026

കെഎസ്ആർടിസി സ്ത്രീ സൗജന്യയാത്രക്ക് തുടക്കം



തിരുവനന്തപുരം: കെഎസ്‍ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്രക്ക് തുടക്കം. തിരുവനന്തപുരം തമ്പാര്‍ ഡിപ്പോയില്‍ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം പദ്ധതി ഉദ്ഘാടനം ചെയ്തു. വനിതകള്‍ക്കൊപ്പം മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും കെഎസ്ആർടിസി ബസില്‍ യാത്ര ചെയ്തു. ഉദ്ഘാടന പരിപാടി എൽഡിഎഫ് ബഹിഷ്കരിച്ചു.ഇത് അഭിമാന നിമിഷമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ അധികാരത്തിലേറി ഒരു മാസം തികയുന്നതിന് മുമ്പ് വാക്ക് പാലിക്കാൻ കഴിഞ്ഞതിൻ്റെ ചാരിതാർഥ്യമുണ്ട്. പ്രിയദർശിനി പദ്ധതിയുടെ ഒന്നാം ഘട്ടമാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

”ഇത് സ്ത്രീകൾക്ക് നൽകുന്ന ഔദാര്യമല്ല. സാമൂഹികവും സാമ്പത്തികവുമായ പ്രതിഫലനങ്ങൾ സമൂഹത്തിൽ ഉണ്ടാക്കും.അഭിമാനത്തോടെ സ്ത്രീകൾക്ക് സർക്കാരിന്‍റെ ഒരു വാഹനത്തിൽ സഞ്ചരിക്കാം. പല തട്ടിലുള്ള സാധാരണക്കാരായ സ്ത്രീകൾക്ക് തുക മാറ്റിവയ്ക്കാൻ കഴിയും.ആ തുക എന്ത് ചെയ്യണം എന്ന് വരെ സ്ത്രീകൾ തീരുമാനിച്ചു വച്ചിട്ടുണ്ട്. തന്നോട് സ്ത്രീകൾ കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.800 കോടി രൂപ സർക്കാർ കെഎസ്ആര്‍ടിസിക്ക് പ്രതിവർഷം കൊടുക്കും.ഗതാഗതമന്ത്രിയെ നല്ല വിശ്വാസമുണ്ട്. കുറച്ചുനാൾ കഴിയുമ്പോൾ ഗതാഗത മന്ത്രി ഇങ്ങോട്ട് പറയും പൈസ ഇനി വേണ്ട എന്ന്. സ്വകാര്യ ബസ് ഉടമകൾക്ക് ഉത്കണ്ഠയുണ്ട്. നിങ്ങൾ സ്വകാര്യമല്ല ഞങ്ങൾ പൊതു ഗതാഗതത്തിന്‍റെ ഭാഗമാണ്. സർക്കാരിന്‍റെ ഗതാഗത നയത്തിൽ സ്വകാര്യ ബസുകളും പങ്കാളികളാണ് ഒരു സെക്ടറും തകരാൻ പാടില്ല” മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതി നടപ്പാക്കുമ്പോൾ മെൻസ് അസോസിയേഷൻ ഭയങ്കര പ്രതിഷേധത്തിലാണ്. ഞാൻ പുരുഷ വിരോധി ഒന്നുമല്ല.സർക്കാരിൻ്റെ ഈ പദ്ധതി കേരളത്തിലെ സ്ത്രീകളോടുള്ള ആദരവാണെന്നും വി.ഡി സതീശൻ പറഞ്ഞു.ഇനി മുതൽ കെഎസ്ആര്‍ടിസിയുടെ 3125 ഓര്‍ഡിനറി ബസുകളില്‍ പ്രായഭേദന്യേ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാം. ബസുകള്‍ തിരിച്ചറിയാനായി പ്രിയദര്‍ശിനി സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുണ്ട്.സൗജന്യ യാത്രയാണെങ്കിലും സീറോ ടിക്കറ്റ് നിർബന്ധമാണ്.ടിക്കറ്റ് എടുക്കാത്തവരിൽനിന്ന് 500 രൂപ പിഴയീടാക്കുമെന്നും അധികൃതർ അറിയിച്ചു. ഓർഡിനറിയിൽ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യയാത്ര ലഭിക്കുക. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ വിഭാഗങ്ങളിലാണ് സൗജന്യയാത്ര.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles