അരീക്കോട്: മാതൃഭൂമി പ്രസിദ്ധീകരിച്ച പ്രശസ്തമായ ‘ഫുട്ബാളിന്റെ പുസ്തകം’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവും സാമൂഹിക പ്രവർത്തകനുമായ പുവ്വഞ്ചിരി അബ്ദുറഹ്മാൻ (74) അന്തരിച്ചു. ‘ടെലിഫോൺ അബ്ദുറഹ്മാൻ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം അരീക്കോട് ചാലിൽ കുണ്ടിൽ താമസിച്ചിരുന്ന പരേതനായ പൂവ്വഞ്ചേരി കമ്മോയ് കാക്കാന്റെ മകനാണ്. നിലവിൽ തെരട്ടമ്മൽ ചെറിയ പാലത്തിന് സമീപമാണ് താമസം. മയ്യിത്ത് നമസ്‌കാരം നാളെ (ചൊവ്വാഴ്ച) രാവിലെ 9 മണിക്ക് അരീക്കോട് താഴത്തങ്ങാടി വലിയ ജുമുഅത്തു പള്ളിയിൽ നടക്കും.
കേരള മാപ്പിള കലാ അക്കാദമി അരീക്കോട് ചാപ്റ്ററിന്റെ ചാരിറ്റി കൺവീനറായി ദീർഘകാലമായി ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. ഫുട്ബോൾ കായിക ലോകത്തെ ആസ്പദമാക്കി അദ്ദേഹം എഴുതിയ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച കായിക ഗ്രന്ഥത്തിനുള്ള കേരള സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിലിന്റെ അവാർഡും ഈ പുസ്തകത്തിന് ലഭിച്ചിട്ടുണ്ട്. പൂവഞ്ചേരി റംലയാണ് ഭാര്യ. സമീൽ, റിസ്‌ല, സാലിസ എന്നിവർ മക്കളാണ്.






