spot_img
Friday, June 19, 2026

കേരള ബജറ്റ് 2026: ‘മിഷൻ സമുദ്ര’യും സൗജന്യ ആരോഗ്യ ഇൻഷുറൻസും ഉൾപ്പെടെ വൻ പദ്ധതികളുമായി പുതുക്കിയ ബജറ്റ്​.



തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജനങ്ങൾക്ക് മേൽ അധിക നികുതിഭാരം അടിച്ചേൽപ്പിക്കാതെ, വികസനത്തിനും സാമൂഹിക സുരക്ഷയ്ക്കും ഊന്നൽ നൽകിക്കൊണ്ടുള്ള പുതുക്കിയ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. 2026 ജനുവരിയിൽ അവതരിപ്പിച്ച ബജറ്റിലെ തെറ്റായ കണക്കുകളെ തുടർന്ന് പ്രതീക്ഷിത വരുമാനത്തിൽ 20,500 കോടി രൂപയുടെ കുറവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് പുതിയ ബജറ്റ്.

ഇതോടെ 2026-27 വർഷത്തെ പദ്ധതി അടങ്കൽ തുക 35,750 കോടി രൂപയിൽ നിന്നും 30,370 കോടി രൂപയായി പുതുക്കി നിശ്ചയിച്ചു.​കിഫ്ബിയും സോഷ്യൽ സെക്യൂരിറ്റി കമ്പനിയും ഉൾപ്പെടെ സർക്കാരിന് മേലുള്ള ആകെ ബാധ്യത 87,012 കോടി രൂപയാണെന്ന് ബജറ്റ് വ്യക്തമാക്കുന്നു. കഴിഞ്ഞ സർക്കാർ പദ്ധതി ചെലവിലെ യഥാർത്ഥ കണക്കുകൾ മറച്ചുവെക്കാൻ കിഫ്ബിയുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കണക്കുകൾ ഉൾപ്പെടുത്തി കബളിപ്പിക്കുകയായിരുന്നുവെന്നും ബജറ്റ് പ്രസംഗത്തിൽ കുറ്റപ്പെടുത്തി.​

പ്രധാന പ്രഖ്യാപനങ്ങളും പദ്ധതികളും:​

ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിക്കും.

​മിഷൻ സമുദ്ര: കേരളത്തെ തുറമുഖ നഗരമാക്കി മാരിടൈം സമ്പദ്‌വ്യവസ്ഥയിലേക്ക് മാറ്റാനുള്ള സമഗ്ര പദ്ധതി. ഇതിന്റെ ഭാഗമായി ‘സതേൺ കേരളാ ഇക്കണോമിക് കോറിഡോർ’, അന്താരാഷ്ട്ര മാരിടൈം മ്യൂസിയം എന്നിവ സ്ഥാപിക്കും. തീരദേശ ജനതയ്ക്ക് തൊഴിൽ സംവരണം ഉറപ്പാക്കും.

​റബർ താങ്ങുവില വർദ്ധിപ്പിച്ചു: റബറിന്റെ താങ്ങുവില 200 രൂപയിൽ നിന്നും 250 രൂപയായി ഉയർത്തി. മണ്ണെണ്ണ സബ്‌സിഡി 75 രൂപയാക്കി.

​വിദ്യാഭ്യാസ-യുവജന മേഖല: വിദേശ ലെഗസി യൂണിവേഴ്‌സിറ്റികളെ ആകർഷിക്കാൻ ‘കേരള നോളജ് വാലി’, ‘വയനാട് ട്രൈബൽ സർവകലാശാല’, ‘ഗ്ലോബൽ ജോബ് വാച്ച് ടവർ’ എന്നിവ സ്ഥാപിക്കും. റാഗിങ് തടയാൻ ‘Sidharthan Student Distress App’, ‘Sidharthan Anti Ragging & Student Welfare Act’ എന്നിവ നടപ്പിലാക്കും. അക്കാദമിക് വിഷയങ്ങളിൽ രാഷ്ട്രീയം ഒഴിവാക്കാൻ അക്കാദമിക് കൗൺസിൽ രൂപീകരിക്കും.

​ആരോഗ്യ മേഖല: ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കും. കാസർഗോഡ്, ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കൽ കോളേജുകളുടെ ശോചനീയാവസ്ഥ പരിഹരിക്കും. ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് ഇൻസുലിൻ പമ്പും സെൻസറുകളും നൽകും.​

സമൂഹിക സുരക്ഷയും ജീവനക്കാരും: ആശാവർക്കർമാരുടെ വേതനം വർദ്ധിപ്പിച്ചു. ഇന്ദിര ഗ്യാരണ്ടിയിലെ രണ്ട് ഗ്യാരണ്ടികൾ നടപ്പിലാക്കി. സർക്കാർ ജീവനക്കാരുടെ ഡി.എ/ ഡി.ആർ മുടക്കം കൂടാതെ നൽകും. മെഡിസെപ് പരിഷ്‌ക്കരിക്കും. എൻ.പി.എസ് സംവിധാനം പുനഃപരിശോധിക്കും.​

സ്ത്രീ സുരക്ഷയും വികസനവും: സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ ‘മകൾക്കൊപ്പം’ പദ്ധതിയും, വനിതാ കർഷകർക്കായി ‘കൃഷി സഖി’ പദ്ധതിയും നടപ്പാക്കും. മത്സ്യവിപണനത്തിന് വനിതകൾക്ക് ഷീ സ്കൂട്ടറുകൾ നൽകും.​

ലഹരി വിരുദ്ധ പോരാട്ടം** : എല്ലാ എക്സൈസ് ഓഫീസുകളിലും പുതിയ തലമുറ മയക്കുമരുന്നുകൾ തിരിച്ചറിയാൻ ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ ലഭ്യമാക്കും. ‘ഓപ്പറേഷൻ തൂഫാൻ’ വ്യാപിപ്പിക്കും. *​

സാംസ്‌കാരികം, ടൂറിസം, സ്മാരകങ്ങൾ:* ​

കോഴിക്കോട് എം.ടി. വാസുദേവൻ നായരുടെ പേരിൽ കൾച്ചറൽ പാർക്കും, തൃശ്ശൂരിൽ ജോൺസൺ മാസ്റ്ററുടെ പേരിൽ മ്യൂസിക് അക്കാദമിയും സ്ഥാപിക്കും.

​കൊച്ചിയിൽ ജെ.സി ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി – ചിത്രനഗരം സ്ഥാപിക്കും.

സിനിമയ്ക്കും ടൂറിസത്തിനും വ്യവസായ പദവി നൽകും.​

നടൻ സലിംകുമാറിന് എറണാകുളത്ത് സ്മാരകവും, ഗായകൻ ഉമ്പായിയുടെ പേരിൽ മ്യൂസിക് അക്കാദമിയും സ്ഥാപിക്കും.​

ശ്രീനാരായണ ഗുരുവിന് ഡൽഹിയിൽ പ്രതിമയും സാംസ്‌കാരിക കേന്ദ്രവും, മുൻ മുഖ്യമന്ത്രി ആർ. ശങ്കറിന് പട്ടത്ത് സ്മാരക മന്ദിരവും നിർമ്മിക്കും.

​മലബാറിൽ ലോകോത്തര നിലവാരമുള്ള ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കും.​

തീരദേശവാസികൾക്ക് പട്ടയം ഉറപ്പാക്കുമെന്നും, ഉരുൾപൊട്ടൽ ദുരന്തം നേരിട്ട വിലങ്ങാടിന്റെ പുനർനിർമ്മിതിക്കായി ‘വിലങ്ങാട് പാക്കേജ്’ നടപ്പിലാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. വയോജനങ്ങൾക്ക് കൈത്താങ്ങാകാൻ ‘സിൽവർ ഇക്കോണമി’ വികസിപ്പിക്കുമെന്നും 2050-ഓടെ കേരളത്തെ പൂർണ്ണമായും കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കുമെന്നും സർക്കാർ ബജറ്റിലൂടെ വ്യക്തമാക്കുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles