spot_img
Monday, August 3, 2026

മഴക്കെടുതി: സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം; തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നു: മുഖ്യമന്ത്രി



തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ഹെലികോപ്റ്റര്‍ എത്തിയെന്നും എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്‌സ് സേനകളുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.’316 ദുരിതാശ്വാസക്യാമ്പുകള്‍ നിലവിലുണ്ട്. 11018 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു. ആവശ്യമായ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇതുവരെ 15 മരണമാണുണ്ടായത്. ഏഴ് പേരെ കാണാതായി. 30ന് തന്നെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. 165 ഹെക്ടര്‍ കൃഷി നശിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വ്യാപകമായി വ്യാജ പ്രചാരണം നടക്കുന്നുണ്ട്. പ്രധാന അണക്കെട്ടുകളില്‍ ജലനിരപ്പ് താഴെയാണ്. ആശങ്ക വേണ്ട. അടിസ്ഥാനരഹിതമായ വാര്‍ത്ത ചിലര്‍ നല്‍കി. അണക്കെട്ടുകളില്‍ നിന്ന് വെള്ളം ഒഴുക്കിവിടുന്നു എന്നത് തെറ്റായ വാര്‍ത്തയാണ്. അതിന് എതിരെ നടപടി സ്വീകരിക്കും’, മുഖ്യമന്ത്രി പറഞ്ഞു.

രാത്രി വെള്ളം തുറന്നു വിടുന്നുണ്ടോ എന്ന് നേരിട്ട് വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കടലാക്രമണ സാധ്യതയുള്ള സ്ഥലം പ്രത്യേകമായി ശ്രദ്ധിക്കാന്‍ നടപടി സ്വീകരിച്ചു. കടലാക്രമണം ശ്രദ്ധിക്കും. മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി 10,000 രൂപ നല്‍കും. വീടുകളില്‍ വെള്ളം കയറിയവര്‍ക്ക് 10,000 രൂപ അടിയന്തര സഹായം നല്‍കും. ജീവനോപാധി നഷ്ടപ്പെട്ടവർക്ക് പ്രതിസന്ധി തീരുന്നത് വരെ 300 രൂപ വീതം പ്രതിദിനം ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ ധനസഹായം നല്‍കും. മണ്ണിടിച്ചിലില്‍ വീട് പൂര്‍ണമായും നഷ്ടമായവര്‍ക്ക് 12 ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭൂമി വാങ്ങി വീട് വെക്കാന്‍ 10 ലക്ഷം ആയിരുന്നത് 12 ലക്ഷം ആക്കി. കൃഷി നാശത്തിന് വളരെ കുറഞ്ഞ തുക ആണ് കൊടുക്കുന്നതെന്നും ഇത് വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എത്ര വര്‍ധിപ്പിക്കും എന്നത് മന്ത്രിസഭ യോഗത്തിന് ശേഷം തീരുമാനിക്കും. വലിയ ഡാമുകളില്‍ പ്രശ്‌നം ഇല്ല. ഉണ്ടായത് മിന്നല്‍ പ്രളയം പോലെയുള്ള അപകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘വനത്തിന് അകത്ത് മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. സാധാരണ മഴ കാരണം അല്ല നിലവിലെ സാഹചര്യമുണ്ടായത്. അതി തീവ്ര മഴയാണ് ലഭിച്ചത്. എല്‍നിനോ പ്രതിഭാസത്തിന്റെ കൂടി ഭാഗമാണ് നിലവിലെ സ്ഥിതി. ജൂലൈ 31നു തന്നെ മുന്നറിയിപ്പ് കിട്ടി. കൃത്യമായ മുന്നൊരുക്കം ചെയ്യുകയും ചെയ്തു. പ്രീ മണ്‍സൂണ്‍ യോഗം ചേര്‍ന്ന് ക്യാമ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. മുന്നറിയിപ്പിന് അനുസരിച്ച് എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. അര്‍ധരാത്രി വൈകിയാണ് ചില അറിയിപ്പുകള്‍ വരുന്നത്. അതിതീവ്ര മഴ എവിടെയാണ് എന്ന് അറിഞ്ഞാല്‍ മാത്രമേ ആളുകളെ മാറ്റാന്‍ കഴിയുകയുള്ളു’, അദ്ദേഹം പറഞ്ഞു.മുന്നറിയിപ്പ് കൃത്യമായി അറിയാന്‍ അടക്കമുള്ള മെച്ചപ്പെട്ട സംവിധാനം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുന്നറിയിപ്പ് നല്‍കാനുള്ള അലേര്‍ട്ടുകള്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടായി. ഒരു തരത്തിലും വീഴ്ച സംഭവിച്ചിട്ടില്ല. ഒരു ക്യാമ്പില്‍ പോലും പ്രശ്‌നം ഉണ്ടായിട്ടില്ല. ആറന്മുളയില്‍ സംഭവിച്ചത് പാര്‍ട്ടി ഇടപെട്ട് പറയിപ്പിച്ചതാണ്. ദുരന്തമുഖത്ത് കുത്തിത്തിരിപ്പ് ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles