തിരുവനന്തപുരം: ഭരണപക്ഷം ഉന്നയിക്കുന്ന കേരളം സാമ്പത്തികമായി അപകടാവസ്ഥയിലാണെന്നത് രാഷ്ട്രീയ ആക്ഷേപം മാത്രമാണെന്ന് ബജറ്റിലൂടെ തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുന്‍പ് ഭരണപക്ഷം പറഞ്ഞിട്ടുള്ള കേരളം സാമ്പത്തികമായി അപകടാവസ്ഥയിലാണ് എന്ന സന്ദേശം തന്നെയാണ് മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റിലെ ആമുഖത്തിലും പറയാന്‍ ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ ബജറ്റിലെ വിഹിതം പരിശോധിച്ചാല്‍ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയില്‍ അല്ല എന്ന ചിത്രമാണ് ലഭിക്കുക. 2000 കോടിയുടെ അധിക അലോക്കേഷന്‍ സംസ്ഥാന സര്‍ക്കാരിന് വരുത്താന്‍ കഴിയുന്നുണ്ട്.
ഇത് വലിയതോതിലുള്ള സാമ്പത്തിക അപകടാവസ്ഥ എന്ന വാദത്തെ നിരാകരിക്കുന്നുവെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.മാര്‍ച്ച് മാസത്തില്‍ ആറായിരം കോടി രൂപ നീക്കിവെച്ചിട്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ നിന്ന് ഇറങ്ങുന്നത്. ഇത് ഉപയോഗിച്ച് ആശ്വാസ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നു. നാടിനായി കൂടുതല്‍ വികസന നടപടികള്‍ സ്വീകരിക്കുന്നതിന് അടിത്തറയായി ഇത് ഉപയോഗിക്കാമായിരുന്നു.
സാമ്പത്തിക നില മോശമല്ലാതിരുന്നിട്ടും ജനക്ഷേമ, വികസന കാര്യത്തില്‍ നല്ലത് പോലെ പിന്‍വാങ്ങല്‍ ഉണ്ടാവുന്നു എന്ന സൂചനയാണ് ബജറ്റില്‍ നിന്ന് ലഭിക്കുന്നതെന്നും പിണറായി വിജയന്‍ ആരോപിച്ചു.ബജറ്റ് പരിശോധിച്ചാല്‍ കാണാന്‍ കഴിയുക നേരത്തെയുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചിരിക്കുന്നു എന്നാണ്. പരമ്പരാഗത വ്യവസായ മേഖലയിലടക്കം നേരത്തെയുള്ള വിഹിതം കുറച്ചിരിക്കുകയാണ്. ആസിയാന്‍ കരാറിന്റെ ഫലമായി കാര്‍ഷിക മേഖല വലിയ ആഘാതം നേരിട്ടു.
കഴിഞ്ഞ ബജറ്റിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ റബര്‍, നാളികേരം, നെല്ല് എന്നിവയ്ക്ക് വലിയ പരിഗണനയാണ് നല്‍കിയത്. എന്നാല്‍ ഈ മേഖലയില്‍ ഒരു ആശ്വാസ നടപടിയും ഈ ബജറ്റില്‍ കാണാനില്ല. കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്ന നിലപാട് ബജറ്റില്‍ ഇല്ല. കേന്ദ്രസര്‍ക്കാരിന്റെ നയ നിലപാടുകള്‍, അതിന്റെ ഫലമായി സംസ്ഥാനത്ത് ഉണ്ടാകുന്ന ധനനഷ്ടം എന്നിവ ബജറ്റ് കൃത്യമായി അഭിസംബോധന ചെയ്യുന്നില്ല. ഇത് കണ്ടില്ലെന്ന് നടിക്കലാണ്. കണ്ടില്ലെന്ന് നടിക്കലും ഒരു രാഷ്ട്രീയമാണ്.
മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ബജറ്റ് ശ്രമിക്കുന്നതും ഈ രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. ധവളപത്രം വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വരുംവര്‍ഷങ്ങളിലും ഒഴിഞ്ഞുനില്‍ക്കുമെന്നുള്ള ഒരു മുന്‍കൂര്‍ ജാമ്യമെടുക്കലാണ്. ബജറ്റില്‍ വിസ്മയങ്ങള്‍ ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞത്. എന്നാല്‍ വിസ്മയങ്ങള്‍ ഒന്നും കാണുന്നില്ലെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.






