spot_img
Saturday, June 20, 2026

പകര്‍ച്ചവ്യാധി പ്രതിരോധം; നാല് കമ്മിറ്റികള്‍ രൂപീകരിച്ച് സര്‍ക്കാര്‍.



തിരുവന്തപുരം : സംസ്ഥാനത്തെ പകര്‍ച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് നടക്കുന്ന ഹൈപവര്‍ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത്. ആരോഗ്യമന്ത്രി കെ മുരളീധരന്‍ ആദ്യ യോഗം ഉദ്ഘാടനം ചെയ്യും. പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ നാല് കമ്മിറ്റികള്‍ രൂപീകരിച്ചു. എല്ലാ സീസണിലും വരാന്‍ സാധ്യതയുള്ള രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടുപിടിക്കാനും, ജാഗ്രതാ സംവിധാനം ശക്തിപ്പെടുത്താനും മരുന്നിന്റെ ലഭ്യതയും സംഭരണവും ഉറപ്പാക്കുന്നതിനുമാണ് സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ഈ ഹൈപ്പവര്‍ കമ്മിറ്റി രൂപീകരിച്ചത്.

ഹൈപവര്‍ കമ്മറ്റി അംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍ തുടങ്ങിയവര്‍ ആദ്യ യോഗത്തില്‍ പങ്കെടുക്കും. പകര്‍ച്ചവ്യാധി പ്രതിരോധം, തയ്യാറെടുപ്പ്, നിരീക്ഷണം, ചികില്‍സ, ഏകോപനം എന്നിവ ശക്തിപ്പെടുത്തുന്നതിനാണ് യോഗം ചേരുന്നത്. ആരോഗ്യമന്ത്രി അധ്യക്ഷനായ ഉന്നത അധികാര സമിതി, ഡോ. എസ് എസ് ലാല്‍ അധ്യക്ഷനായ വിദഗ്ധ ഉപദേശ സമിതി, ജില്ലാ കലക്ടര്‍മാര്‍ അധ്യക്ഷനായ ജില്ലാതല സ്റ്റിയറിങ് കമ്മിറ്റി, ആശുപത്രി സൂപ്രണ്ട് അധ്യക്ഷനായ സ്ഥാപന തല സ്റ്റിയറിങ് കമ്മിറ്റി എന്നിവയാണ് അവ.

ഉദ്ഘാടനം പത്തുമണിക്ക് മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ പൊതുജനങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രതിനിധികളില്‍ നിന്ന് അഭിപ്രായം തേടും. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതാണ് പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാന്‍ കാരണമായതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. വാര്‍ഷിക പകര്‍ച്ചവ്യാധി കലണ്ടര്‍ തയാറാക്കല്‍, ക്വാറന്റീന്‍ പ്രോട്ടോക്കോള്‍ പുതുക്കുക എന്നിവയൊക്കെയാണ് ഉന്നത അധികാര സമിതിയുടെ പരിധിയില്‍ ഉള്‍ക്കൊള്ളുന്നത്. വിദഗ്ധ ഉപദേശ സമിതി ഗവണ്‍മെന്റുമായി ചര്‍ച്ച നടത്തുകയും ദേശീയ അന്തര്‍ദേശീയ തലത്തില്‍ ഇതിനെ കുറിച്ച് പ്രെപ്പോസല്‍ നല്‍കുകയും ചെയ്യുന്നു.

ജില്ലാതല സ്റ്റിയറിങ് കമ്മിറ്റി ഓരോ ആഴ്ചയിലും പകര്‍ച്ചവ്യാധി വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാതല മീറ്റിങ്ങുകള്‍ നടത്തുകയും മറ്റ് നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. സ്ഥാപന തല സ്റ്റിയറിങ് കമ്മിറ്റി പകര്‍ച്ചവ്യാധി പടരുന്ന സ്ഥലങ്ങളിലേക്ക് വേണ്ട ചട്ടങ്ങള്‍ നല്‍കുകയും, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കയും ചെയ്യുന്നു. സംസ്ഥാനത്ത് ജൂണ്‍ മാസം മാത്രം 120 പേര്‍ക്ക് ഷിഗെല്ല രോഗബാധയും അഞ്ച് മരണവും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ പനി ബാധിതരുടെ എണ്ണവും കുറയാതെ തുടരുകയാണ്.

എന്നാല്‍ കൊതുകുകളുടെ ഉറവിട നശീകരണത്തിന്റെ ഭാഗമായി ഡ്രൈ ഡേ ആചരണത്തിനും ഫോഗ്ഗിങ്ങിനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ആഴ്ചയിലും വെള്ളി, ശനി, ഞായര്‍ എന്നീ മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കാനാണ് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ഇന്ന് സര്‍ക്കാര്‍ ഓഫീസുകളിലും, മറ്റ് അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലുമാണ് ഡ്രൈ ഡേ നടപ്പാക്കേണ്ടത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles