spot_img
Saturday, June 20, 2026

ഡെങ്കിക്കെതിരെ ഒരു ഗോൾ’; വിദ്യാലയങ്ങളിൽ ഉറവിട നശീകരണ ക്യാമ്പയിന് കിക്കോഫ്.



​കോഴിക്കോട്: മൺസൂൺ കാലത്ത് പടർന്നുപിടിക്കാൻ സാധ്യതയുള്ള ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഡെങ്കിക്കെതിരെ ഒരു ഗോൾ’ ഉറവിട നശീകരണ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നടക്കാവ് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി നിർവ്വഹിച്ചു.​

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.പി. രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ. സി.കെ. അഫ്സൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ വിദ്യാഭ്യാസ-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.​വരുന്ന ദിവസങ്ങളിൽ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ഈ ക്യാമ്പയിൻ ശക്തമായി സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ഡ്രൈ ഡേ (Dry Day) ആചരിക്കാൻ അധികൃതർ ആഹ്വാനം ചെയ്തു:​

വെള്ളിയാഴ്ച: വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും

​ശനിയാഴ്ച: സർക്കാർ/സ്വകാര്യ ഓഫീസുകളിൽ

​ഞായറാഴ്ച: വീടുകളിൽ​

ഡെങ്കിപ്പനി: കരുതേണ്ട കാര്യങ്ങൾ​വീട്ടുപരിസരങ്ങളിലും സ്ഥാപനങ്ങളിലും കെട്ടിക്കിടക്കുന്ന ചെറിയ അളവിലുള്ള ശുദ്ധജലത്തിൽ പോലും ഈഡിസ് കൊതുകുകൾ മുട്ടയിട്ട് വളരാൻ സാധ്യതയുണ്ട്. അതിനാൽ താഴെ പറയുന്ന കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം:​

ശ്രദ്ധിക്കേണ്ട സ്ഥലങ്ങൾ: ഫ്രിഡ്ജിന്റെ ബാക്ക് ട്രേ, മണിപ്ലാന്റ് വളർത്തുന്ന ചട്ടികൾ, ടെറസ്, സൺഷെയ്ഡ്, ഉപേക്ഷിച്ച ടയറുകൾ, ചിരട്ടകൾ, പ്ലാസ്റ്റിക് ഷീറ്റുകൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.​ആഴ്ചയിലൊരിക്കൽ വീടും പരിസരവും പരിശോധിച്ച് കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കണം.​

ലക്ഷണങ്ങളും അപായസൂചനകളും​പ്രധാന ലക്ഷണങ്ങൾ: കടുത്ത പനി, തലവേദന, കണ്ണിന് പിന്നിലെ വേദന, പേശി-സന്ധിവേദന, ശരീരത്തിൽ ചുവന്നുതടിച്ച പാടുകൾ.​അപായസൂചനകൾ: തുടർച്ചയായ ഛർദ്ദി, കടുത്ത വയറുവേദന, ശരീരഭാഗങ്ങളിൽ നിന്നുള്ള രക്തസ്രാവം, ശ്വാസംമുട്ടൽ, അമിതമായ തളർച്ച.​

പ്രത്യേക നിർദ്ദേശം: പനി വന്നാൽ യാതൊരു കാരണവശാലും സ്വയംചികിത്സ പാടില്ല. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കുക. ഒരു തവണ ഡെങ്കിപ്പനി വന്നവർക്ക് വീണ്ടും വന്നാൽ അത് കൂടുതൽ മാരകമാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പുലർത്തണം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles