spot_img
Sunday, June 21, 2026

തട്ടുകടകളിലെ മിന്നൽ പരിശോധന 18 സ്ഥാപനങ്ങൾക്കെതിരെ നടപടി.



കോഴിക്കോട്: പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ രാത്രികാല തട്ടുകടകൾ, ഷവർമ കേന്ദ്രങ്ങൾ, ഹോട്ടലുകൾ, ജ്യൂസ് സ്റ്റാളുകൾ എന്നിവയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം വ്യാപക പരിശോധന നടത്തി. 7 സ്ക്വാഡുകളായി 84 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.പരിശോധനയിൽ ഷെഡ്യൂൾ IV മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 36 സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് നൽകി.

ഇതിൽ 22 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും, വൃത്തിഹീന സാഹചര്യത്തിൽ പ്രവർത്തിച്ചതായി കണ്ടെത്തിയ 18 സ്ഥാപനങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു.കൂടാതെ, ഭക്ഷ്യസുരക്ഷാ നിലവാരം ശാസ്ത്രീയമായി വിലയിരുത്തുന്നതിനായി ലാബ് പരിശോധനക്കായി 30 സർവെയ്ലൻസ് സാമ്പിളുകളും ശേഖരിച്ചു.രാത്രികാല പരിശോധനകൾക്കും പുലർകാല മത്സ്യ പരിശോധനകൾക്കും ഇനിയും കൂടുതൽ കർശനത വരുത്തുമെന്ന് കോഴിക്കോട് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ ബിബി മാത്യു അറിയിച്ചു.

തട്ടുകടകൾ ഉൾപ്പെടെയുള്ള ഭക്ഷ്യവിൽപ്പന കേന്ദ്രങ്ങളിൽ പാത്രങ്ങൾ കഴുകുന്നതിനായി ശുദ്ധജല സംവിധാനം നിർബന്ധമായും ഒരുക്കണം എന്നും അദ്ദേഹം വ്യക്തമാക്കി. കൈകൾ കഴുകുന്നതിനും പാത്രങ്ങൾ വൃത്തിയാക്കുന്നതിനും നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കാത്ത ജലം ഉപയോഗിക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നും, ഇത്തരം പ്രവണതകൾ യാതൊരു സാഹചര്യത്തിലും അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകി.തട്ടുകടകൾക്കുള്ള

പ്രധാന നിർദ്ദേശങ്ങൾ1. പാചകത്തിനും പാത്രം കഴുകുന്നതിനും ശുദ്ധവും സുരക്ഷിതവുമായ ജലം മാത്രം ഉപയോഗിക്കുക.

2. ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർ വ്യക്തിഗത ശുചിത്വം പാലിക്കണം.

3. കൈ കഴുകാൻ സോപ്പ്/സാനിറ്റൈസർ ഉൾപ്പെടെയുള്ള സൗകര്യം നിർബന്ധമാക്കണം.

4. പാകം ചെയ്ത ഭക്ഷണവും പച്ചവസ്തുക്കളും വേർതിരിച്ച് സൂക്ഷിക്കണം.

5. ഭക്ഷ്യവസ്തുക്കൾ പൊടി, പുക, കീടങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്ന രീതിയിൽ മൂടി സൂക്ഷിക്കണം.

6. മാലിന്യ നിർമാർജനത്തിന് അടച്ച മാലിന്യ ബിൻ സജ്ജീകരിക്കണം.

7. ലൈസൻസ്, രജിസ്ട്രേഷൻ രേഖകൾ പരിശോധനയ്ക്കായി സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ തുടർന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles