കോഴിക്കോട്: നഗരത്തിലെ പ്രധാന മത്സ്യ വിപണികളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ശക്തമായ പരിശോധന നടത്തി. സെൻട്രൽ മാർക്കറ്റ്, വെള്ളയിൽ മാർക്കറ്റ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു പ്രത്യേക പരിശോധന. വിപണികളിൽ നിന്ന് ശേഖരിച്ച 34 മത്സ്യ സാമ്പിളുകൾ മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ പ്രാഥമിക ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ ആറ് കിലോഗ്രാം ‘സ്കിപ്പ്ജാക്ക് ട്യൂണ’ (ചൂര) മത്സ്യം അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വിൽപന നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷണർ ബിബി മാത്യു അറിയിച്ചു.ഫ്രോസൻ മത്സ്യങ്ങൾക്ക് കർശന നിർദേശങ്ങൾ:ഫ്രോസൻ മത്സ്യങ്ങൾ -18°C (മൈനസ് 18 ഡിഗ്രി സെൽഷ്യസ്) അല്ലെങ്കിൽ അതിൽ താഴെയുള്ള താപനിലയിൽ മാത്രമേ സൂക്ഷിക്കാവൂ.ഇത്തരം മത്സ്യങ്ങൾ സാധാരണ അന്തരീക്ഷ ഊഷ്മാവിൽ വെച്ച് വിൽക്കുന്നത് നിയമവിരുദ്ധമാണ്.
റീട്ടെയിൽ വ്യാപാരികൾ മത്സ്യം സൂക്ഷിക്കുമ്പോൾ 1 കിലോഗ്രാം മത്സ്യത്തിന് 1 കിലോഗ്രാം ഐസ് എന്ന അനുപാതം നിർബന്ധമായും പാലിക്കണം. ഫ്രോസൻ മത്സ്യങ്ങൾ ഉരുകിയ നിലയിൽ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോൾ ഫ്രീ നമ്പറായ 1800 425 1125 എന്ന നമ്പറിൽ വിവരമറിയിക്കുക.ഉപഭോക്താക്കൾ ശ്രദ്ധിക്കാൻ മത്സ്യം വാങ്ങുമ്പോൾ ചീത്തയായവ ഒഴിവാക്കാൻ പൊതുജനങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. മത്സ്യത്തിന്റെ കണ്ണുകൾ നല്ല തെളിച്ചമുള്ളതും പുറത്തേക്ക് ഉയർന്നതുമായിരിക്കണം. ചെകിളകൾക്ക് നല്ല ചുവപ്പോ പിങ്ക് നിറമോ ആയിരിക്കണം. വിരൽ കൊണ്ട് അമർത്തുമ്പോൾ മാംസം പെട്ടെന്ന് തന്നെ പഴയ പരുവത്തിലേക്ക് തിരിച്ചുവരണം (കുഴിഞ്ഞു പോകരുത്). അമോണിയയുടെ മണമോ മറ്റ് ദുർഗന്ധങ്ങളോ ഉണ്ടാകരുത്.അമിതമായി നിറം മാറിയതോ, അലിഞ്ഞുപോയതുപോലെ മൃദുവായതോ ആയ മത്സ്യങ്ങൾ പൂർണ്ണമായും ഒഴിവാക്കുക.ഫ്രോസൻ മത്സ്യം: ഐസ് പൂർണ്ണമായി ഉരുകിപ്പോയ ഫ്രോസൻ മത്സ്യം വീണ്ടും ഫ്രീസ് ചെയ്ത് ഉപയോഗിക്കാൻ പാടുള്ളതല്ല.






